InternationalLatest

സന്ദര്‍ശക വിസക്കാര്‍ക്ക്​ ഗള്‍ഫിലേക്ക് മെഡിക്കല്‍ പരിശോധന ആവശ്യമില്ല

“Manju”

ദുബൈ: സന്ദര്‍ശക വിസയില്‍ ഗള്‍ഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവര്‍ക്ക്​​​ മെഡിക്കല്‍ പരിശോധന വേണമെന്നറിയിച്ച്‌​ കേരളത്തില്‍ തട്ടിപ്പ്​. ജോലി തേടിയെത്തുന്നവരില്‍ നിന്നാണ്​ പ്രധാനമായും പണം തട്ടുന്നത്​. ഗള്‍ഫ്​ രാജ്യങ്ങളിലേക്ക്​ സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക്​ കേരളത്തില്‍​ മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്നിരിക്കെയാണ്​ ഈ പേരില്‍ തട്ടിപ്പ്​ നടത്തുന്നത്​. ചില ലാബുകാരുമായി ചേര്‍ന്ന്​ വ്യാജ ഏജന്‍റുമാരാണ്​ തട്ടിപ്പിന്​ പിന്നില്‍.
അടുത്തിടെ ജോലി തട്ടിപ്പിനിരയായി യു.എ.ഇയില്‍ എത്തിയ പലരില്‍ നിന്നും ഇത്തരത്തില്‍ തുക തട്ടുകയും പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്തിരുന്നു. ചില വിദേശ രാജ്യങ്ങളിലേക്ക്​ പോകുമ്ബോള്‍ നാട്ടില്‍ നിന്ന്​ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നുണ്ട്​. എന്നാല്‍, ആറ്​ ഗള്‍ഫ്​ രാജ്യങ്ങളിലേക്കും സന്ദര്‍ശക വിസക്കാര്‍ക്ക്​ മെഡിക്കല്‍ ടെസ്റ്റ് ആവശ്യമില്ല. ​പുതിയ വിസയിലേക്ക്​ മാറുമ്ബോള്‍ ഗള്‍ഫില്‍ നിന്ന്​ തന്നെയാണ്​ മെഡിക്കല്‍ എടുക്കേണ്ടത്​.
മെഡിക്കല്‍ പരിശോധനക്ക്​ എന്ന പേരില്‍ 1000 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുണ്ട്​. ഇതിന്​ ശേഷം ഇവരെ ഏതെങ്കിലും ലാബിലേക്ക്​ അയച്ച്‌​ പരിശോധന നടത്തുകയാണ്​ ചെയ്യുന്നത്​. ലാബുകാരുമായി ഒത്തുകളിച്ചാണ്​ ഇത്തരം തട്ടിപ്പ്​. ഇതോടെ, നാട്ടിലും വിദേശത്തും മെഡിക്കല്‍ പരിശോധനക്ക്​ വിധേയരാകേണ്ടി വരുകയും ധനനഷ്ടമുണ്ടാകുകയും ചെയ്യുന്നു.
സന്ദര്‍ശക വിസക്കാര്‍ക്ക്​ പുറമെ റസിഡന്‍റ്​ വിസയില്‍ യു.എ.ഇ അടക്കമുള്ള ചില രാജ്യങ്ങളിലേക്ക്​ പോകുന്നവര്‍ക്കും മെഡിക്കല്‍ പരിശോധന ആവശ്യമില്ല. പുതിയ വിസ നടപടികളുടെ സമയത്ത്​ യു.എ.ഇയിലെ ലാബുകളിലാണ്​ പരിശോധന നടത്തേണ്ടത്​.
എന്നാല്‍, സൗദിയിലേക്ക്​ തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്ക്​ ​കേരളത്തില്‍ നിന്ന്​ മെഡിക്കല്‍ ആവശ്യമാണ്​. പുതിയ യാത്രക്കാരുടെ പരിചയക്കുറവ്​ മുതലെടുത്താണ്​ തട്ടിപ്പ്​ അരങ്ങേറുന്നത്​. കടം വാങ്ങിയും പണയം വെച്ചുമാണ്​ പലരും ഗള്‍ഫിലേക്ക്​ ആദ്യ യാത്രക്കിറങ്ങുന്നത്​. ഇത്തരക്കാരെയാണ്​ വ്യാജ ഏജന്‍റുമാര്‍ തട്ടിപ്പിന്​ വിധേയരാക്കുന്നത്​.

Related Articles

Back to top button