Thiruvananthapuram

മറൈൻ ആംബുലൻസ് ഉപയോഗശൂന്യമെന്ന് മത്സ്യത്തൊഴിലാളികൾ

“Manju”

തിരുവനന്തപുരം : കടലിൽ ജീവൻ മുങ്ങിത്താഴുമ്പോഴും ആഡംബരമായി ഉദ്ഘാടനം ചെയ്ത മറൈൻ ആംബുലൻസ് നോക്കുകുത്തിയെന്ന് പരാതി. ആറ് കോടിയിലേറെ രൂപ മുടക്കി സർക്കാർ നിർമ്മിച്ച് ഇറക്കിയതാണ് മറൈൻ ആംബുലൻസ്. എന്നാൽ മറൈൻ എൻഫോഴ്‌സ്‌മെന്റ്, തീരദേശ പോലീസ് എന്നിവരുടെ ബോട്ടുകളും കടലിൽ ഉപയോഗശൂന്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പരാതി നൽകി.

ഓഖി ദുരന്തത്തിന് പിന്നാലെ വിഴിഞ്ഞം തീരത്ത് അനുവദിച്ച മറൈൻ ആംബുലൻസും മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും അപകടം നടക്കുമ്പോഴും നോക്കുകുത്തിയായി സമീപത്ത് ഉണ്ടായിരുന്നു. വിഴിഞ്ഞം കേന്ദ്രീകരിച്ച് നടന്ന അപകടങ്ങളിൽ ഒന്നും തന്നെ ബോട്ട് പ്രയോജനപ്പെടുത്താനായിട്ടില്ല. ഉദ്ഘാടനത്തിന് പിന്നാലെ കുറച്ചുദിവസം കടലിൽ പട്രോളിംഗ് നടത്തിയ പ്രതീക്ഷ എന്ന മറൈൻ ആംബുലൻസ് ഇപ്പോൾ വിഴിഞ്ഞം തീരത്ത് വിശ്രമത്തിലാണ്. ശാന്തമായ കടലിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകളായതിനാൽ ഇവ പ്രക്ഷുബ്ദമായ കടലിൽ ഉപയോഗശൂന്യമാണെന്നാണ് വാദം.

പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള ഇൻലാന്റ് നാവിഗേഷൻ വിഭാഗം കരാർ നൽകിയ മറ്റൊരു ഏജൻസിയാണ് നിലവിൽ മറൈൻ ആംബുലൻസുകൾ ഓടിക്കുന്നത്. ഏജൻസിക്ക് നൽകുന്ന മൂന്ന് ലക്ഷം രൂപയ്ക്ക് പുറമെ ആംബുലൻസിൻറെ തൊഴിലാളികൾക്കും ഇന്ധന ചിലവിലും അറ്റകുറ്റപണികൾക്കും ഒക്കെയായി സർക്കാർ മാസം തോറും മുടക്കേണ്ടത് ലക്ഷങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി ഇറക്കിയ മൂന്ന് മറൈൻ ആംബുലൻസുകളിൽ ആദ്യത്തേതാണ് വിഴിഞ്ഞത്ത് അനുവദിച്ച പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങൾ വരെ അധികാര പരിധിയുള്ള പ്രതീക്ഷ വിഴിഞ്ഞം തീരത്ത് വന്നിട്ട് മാസങ്ങൾ പിന്നിടുകയാണ്.

Related Articles

Back to top button