LatestThiruvananthapuram

സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ ഏറെയും അനുബന്ധ രോഗമുള്ളവര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ അഞ്ചു വര്‍ഷക്കാലവും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള മികച്ച ചികിത്സ, മികച്ച സേവനം എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കുക എന്നതും ഉത്തരവാദിത്തമാണ്. ആര്‍ദ്രമെന്ന വാക്ക് ലക്ഷ്യമിടുന്നത് പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന ഓരോ വ്യക്തിയ്ക്കും ആര്‍ദ്രതയോടെയുള്ള സേവനം ലഭിക്കുന്നു എന്നുകൂടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിനോടൊപ്പം തന്നെ പകര്‍ച്ച വ്യാധികളും ഒരു വെല്ലുവിളിയാണ്. ജീവിതശൈലി രോഗങ്ങളും അനുബന്ധ രോഗങ്ങളും ഉള്ളവര്‍ക്കിടയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നതായി കാണുന്നു. ഇത്തരത്തിലുള്ള മരണങ്ങള്‍ 60 ശതമാനത്തിന് മുകളില്‍ വരും. ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരിക എന്നത് വളരെ പ്രധാനമാണ്. ഇത് കൃത്യമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമാണ്.
അതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ച് കൊണ്ടുള്ള വലിയ ക്യാമ്പയിനായി പ്രവര്‍ത്തിക്കണം. യുവാക്കള്‍ക്കിടയിലെ ജീവിതശൈലീ രോഗങ്ങളും ശ്രദ്ധിക്കണം. ലബോറട്ടറി നെറ്റുവര്‍ക്ക് ശാക്തീകരിച്ചുകൊണ്ട് സര്‍വയന്‍സിന്റെ ഭാഗമായി ഡേറ്റ ശേഖരിക്കും.
വ്യായാവും നല്ല ഭക്ഷണവും ഉറപ്പാക്കണം. ക്ഷയരോഗം മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ 2025 ഓടുകൂടി കേരളത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Back to top button