International

വാഴ മറിഞ്ഞ്  പരിക്കേറ്റു ; നഷ്ടപരിഹാരം നാലുകോടി

“Manju”

ഓസ്ട്രേലിയ : ഒരു വാഴ ഒടിഞ്ഞ് ദേഹത്ത് വീണതിന് നഷ്ടപരിഹാരം നാലു കോടി . ഞെട്ടേണ്ട സത്യമാണ് . ഓസ്ട്രേലിയയിലെ ഒരു വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്‌ക്കാണ് നാല് കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്.

2016 ജൂണിലായിരുന്നു സംഭവം . കുക്ക് ടൗണിനടുത്തുള്ള എൽ & ആർ കോളിൻസ് ഫാം എന്ന വാഴത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന ജെയിം ലോംഗ്ബോട്ടം എന്നയാളുടെ പുറത്താണ് വാഴ വീണത് . ഒരു സഹ ജീവനക്കാരൻ യന്ത്രം ഉപയോഗിച്ച് കുലകൾ വെട്ടിമാറ്റുന്നതിനിടെ വാഴ ക്രമേണ വളയുന്നതിന് പകരം വാഴ ഒറ്റയടിയ്‌ക്ക് ജെയിമിന്റെ മേൽ വന്ന് പതിക്കുകയായിരുന്നു .

ഗുരുതരമായ പരിക്കുകളോടെ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, സംഭവത്തിന് ശേഷം അയാൾക്ക് ജോലിയ്‌ക്ക് പോകാൻ സാധിച്ചില്ല. തുടർന്ന്, കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് കാണിച്ച് അദ്ദേഹം ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തു.

അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ച വാഴക്കുലയ്‌ക്ക് 70 കിലോഗ്രാം തൂക്കമുണ്ടെന്ന് കോടതി കണ്ടെത്തി. അയാൾക്ക് കമ്പനി ശരിയായ പരിശീലനം നൽകിയില്ല. ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അയാൾക്ക് ഇനിമേൽ ജോലി ചെയ്യാൻ കഴിയില്ല. കമ്പനി ശരിയായ പരിശീലനം നൽകിയിരുന്നെങ്കിൽ, അപകടം ഒഴിവാക്കാമായിരുന്നു. അപകടത്തിന് ശേഷം അദ്ദേഹത്തിന് ഒരു തരത്തിലുള്ള ശാരീരിക ജോലിയും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജെയിമിന് നഷ്ടപരിഹാരമായി കമ്പനി 502,740 ഡോളർ നൽകണം” ജഡ്ജി കാതറിൻ ഹോംസ് വിധിച്ചു.

Related Articles

Back to top button