India

ഉപഭോക്താവിനെ പരിഹസിച്ചതിന് മാപ്പപേക്ഷിച്ച് സൊമാറ്റോ

“Manju”

ചെന്നൈ: പരാതി അറിയിക്കാൻ കസ്റ്റമർ കെയറിലേയ്‌ക്ക് വിളിച്ച ഉപഭോക്താവിനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ. ഹിന്ദി അറിയാത്തതിന്റെ പേരിലാണ് തമിഴ് ഉപഭോക്താവിനെ പരിഹസിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ അവരെ തിരച്ചെടുത്തിരിക്കുകയാണ് സൊമാറ്റോ.

ഓർഡർ ചെയ്ത ഭക്ഷണ ഇനങ്ങളിൽ ഒരെണ്ണം കുറഞ്ഞതിനെ തുടർന്ന് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട തമിഴ് സ്വദേശി വികാസിനെയാണ് കസ്റ്റമർ കെയർ ജീവനക്കാരി അപമാനിച്ചത്. ഹിന്ദി അറിയില്ലെങ്കിൽ പരാതി പരിഹരിക്കില്ലെന്നും തുക തിരികെ നൽകില്ലെന്നുമാണ് ജീവനക്കാരി പറഞ്ഞത്.

വികാസിനുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ ഇയാൾ വെളിപ്പെടുത്തി. ‘ഒരു ഇന്ത്യക്കാരനായ ഞാൻ ഹിന്ദി അറിഞ്ഞിരിക്കണമെന്ന പാഠം ഉൾക്കൊള്ളുന്നു. കസ്റ്റമർ കെയർ ജീവനക്കാരിക്ക് തമിഴ് അറിയാത്തതിനാൽ എന്നെ ഒരു നുണയനായി ചിത്രീകരിച്ചു’ വികാസ് ട്വീറ്റ് ചെയ്തു.

സംഭവത്തിൽ സൊമാറ്റോ തമിഴിലും ഇംഗ്ലീഷിലും പരസ്യമായി മാപ്പ് പറഞ്ഞു. തുടർന്ന് ഉപഭോക്താവിനെ അപമാനിച്ചതിന്റെ പേരിൽ ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഏതാനും നിമിഷങ്ങൾക്കകം തന്നെ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തെന്ന വാർത്ത സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തു. കോൾ സെന്റർ ഏജന്റുമാർ ഭാഷകളിലും പ്രാദേശിക വികാരങ്ങളിലും വിദഗ്ദരല്ലെന്നും ഈ അനുഭവം ജീവനക്കാരിക്ക് പഠിക്കാനും ഭാവിയിൽ നന്നായി പ്രവർത്തിക്കാൻ ഉപകരിക്കുകയും ചെയ്യുമെന്ന് സിഇഒ കൂട്ടിച്ചേർത്തു.

Related Articles

Back to top button