KannurKeralaLatest

അനാഥമായി കണ്ണൂര്‍ പഴയ സ്റ്റാന്‍ഡ്

“Manju”

കണ്ണൂര്‍: കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം നടന്നതായിരുന്നു പഴയ ബസ്റ്റാന്‍ഡ്. എന്നാല്‍, ഇന്ന് ഈ സ്റ്റാന്‍ന്റിന്റെ തലവിധി നാടിന്റെ വികസനം മാറ്റിയെഴുതിയിരിക്കുകയാണ്.
നിലവില്‍ അവഗണനയിലാണ് ബസ്റ്റാന്‍ഡ്. പഴയ സ്റ്റാന്റിന്റെ കഴിഞ്ഞകാല പ്രതാപമൊക്കെ ഗതകാല ഓര്‍മയായി മാറി. നഗരത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും സ്പന്ദനങ്ങളും അനുഭവമാക്കിയ ബസ്സ്റ്റാന്‍ഡിന്റെ ചരിത്രം ഇന്ന് രചിക്കപ്പെടുന്നത് രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രമെന്ന നിലക്കാണ്.
താവക്കരയില്‍ പുതിയ ബസ്റ്റാന്‍ഡ് വന്നതോടെയാണ് പഴയ സ്റ്റാന്‍ഡിന്റെ പ്രതാപത്തിന് മങ്ങലേറ്റു തുടങ്ങിയത്. നഗരത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കാന്‍ പോരെന്ന സ്ഥിതി വന്നതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താവക്കര പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത്. കേരളത്തില്‍തന്നെ ഇത്രക്കും സൗകര്യമുള്ള ബസ്സ്റ്റാന്‍ഡ് അപൂര്‍വമാണ്. പുതിയ ബസ്റ്റാന്‍ഡ് പച്ചപിടിച്ചു തുടങ്ങിയതോടെ പഴയ ബസ്റ്റാന്‍ഡ്   ദരിദ്രമായിത്തുടങ്ങി. കാലം പിന്നിടുന്തോറും അത് കൂടിവന്ന് ഇന്നത്തെ അവസ്ഥയിലായി.
കണ്ണൂരിലേക്ക് എത്തുന്ന ബസുകള്‍ പഴയ ബസ്റ്റാന്‍ഡിൽ  കയറാതെയാണ് പുതിയ ബസ്റ്റാന്‍ഡിലേക്ക് പോകുന്നത്. ഇതുകാരണം പഴയ ബസ്റ്റാന്‍ഡില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. തിരിച്ച്‌ പല ഭാഗങ്ങളിലേക്കും പോകുന്ന ബസുകള്‍ പഴയ ബസ്റ്റാന്‍ഡ് വഴിയാണ് പോകുന്നത്. ബസുകളുടെ വരവ് കുറഞ്ഞതോടെ ഇവിടത്തെ വ്യാപാര മേഖലയും തളര്‍ന്നു. രാത്രികാലമായാല്‍ കുരാക്കൂരിരുട്ടാണ് ഇവിടെ. ഇതുകാരണം രാത്രികാലങ്ങളില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ ഭീതിയുടെ മുള്‍മുനയിലാണ്. നേരമിരുട്ടിയാല്‍ സാമൂഹിക വിരുദ്ധരുടെയും മദ്യപരുടെയും വിളയാട്ടമാണ്.
കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണസമിതി കഴിഞ്ഞ ബജറ്റില്‍ അത്യാധുനിക വാണിജ്യ സമുച്ചയമാക്കി മാറ്റാന്‍ പദ്ധതിരേഖയും ഫണ്ടും വകയിരുത്തിയെങ്കിലും അതിനുവേണ്ട നടപടി തുടങ്ങിയിട്ടില്ല. ഒരു കാലത്ത് നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രവും സാധാരണക്കാരും ജീവനക്കാരും യാത്രക്ക് ആശ്രയിക്കുകയും ചെയ്ത കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡ് ഓരോ ദിവസവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
ബസ്‌ കയറാന്‍ എത്തുന്നവര്‍ക്ക്‌ ഇരിക്കാന്‍ പോയിട്ട്‌ സമാധാനമായി നില്‍ക്കാനുള്ള സാഹചര്യം പോലും ഇവിടെയില്ല. കൂത്തുപറമ്പ്, തലശ്ശേരി ബസുകള്‍ നിര്‍ത്തുന്ന സ്ഥലത്ത്‌ ഷെല്‍ട്ടറില്ല. കൂറ്റന്‍ മരത്തിനു ചുവട്ടിലാണ്‌ ബസ്‌ കാത്തുനില്‍പ്. മഴയായാലും വെയിലായാലും ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ്. ഓട്ടം കഴിഞ്ഞെത്തുന്ന ബസുകള്‍ക്കും ദീര്‍ഘദൂര ചരക്കുവാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും നിര്‍ത്തിയിടാനുള്ള താവളമായി മാറിയിരിക്കുകയാണ് പഴയ ബസ്റ്റാന്‍ഡ്.
പല പദ്ധതികളും പരിഗണനയില്‍ -മേയര്‍
പഴയ ബസ്റ്റാന്‍ഡ് ഉപയോഗപ്രദമാക്കുന്നതുമായി ബന്ധപ്പെട്ട് പല പദ്ധതികളും പരിഗണനയിലുണ്ടെങ്കിലും ഒന്നിനും അവസാന രൂപം ആയിട്ടില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ പറഞ്ഞു. നിലവില്‍ കോര്‍പറേഷന് പുതിയ ഓഫിസ് സമുച്ചയം നിര്‍മിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. തിരുവനന്തപുരത്തുനിന്ന് കോര്‍പറേഷന്‍ ഓഫീസ് കെട്ടിട സമുച്ചയത്തിന് അനുമതി നേടിയെടുക്കുന്നതിനാണ് ശ്രമം.
അതിനുശേഷം പഴയ ബസ്റ്റാന്‍ഡ്  ഉപയോഗപ്രദമാക്കുന്നതിന് കോര്‍പറേഷന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button