ശ്രീജ.എസ്
കൊല്ലം : എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നതായി തെളിഞ്ഞു. അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയ കുറ്റപത്രം ഉടന്‍ ഹൈക്കാടതിയില്‍ സമര്‍പ്പിക്കും.
1997- 98 കാലഘട്ടത്തില്‍ എസ്എന്‍ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയില്‍ അധികം രൂപയില്‍ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. എന്നാല്‍ കൂടുതല്‍ പലിശ ലഭിക്കുന്നതിനാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.
എസ്എന്‍ കോളജ് ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ചെടുത്ത തുകയില്‍ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന കേസില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പണം തിരിച്ചടച്ചതോടെ തിരിമറി നടന്നില്ലെന്നും വെള്ളാപ്പള്ളി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സാമ്പത്തിക തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ ജൂണ്‍ 22ന് ഹര്‍ജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പഠിച്ച ശേഷം ഉടന്‍ തന്നെ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി പറഞ്ഞു.