LatestWayanad

കടുവകള്‍ നാട്ടിലിറങ്ങുന്നതിന് പിന്നില്‍

“Manju”

വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.  കാടിനെ അടക്കി വാഴുന്ന കടുവ കാടിറങ്ങി നാട്ടില്‍ വരുന്നതിന്റെ നിരന്തര വാര്‍ത്തകളാണ് പുറത്തു വരുന്നത്.

എന്തുകൊണ്ടാണ് കടുവകള്‍ നാട്ടിലിറങ്ങുന്നതെന്ന ചോദ്യത്തിന് നിരവധി കാരണങ്ങളുണ്ട് പറയാന്‍…
കാടു ജീവിതം : പൂച്ചവര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ മൃ​ഗമാണ് കടുവ. 300 കിലോഗ്രാം വരെ ഭാരവും 3.3 മീറ്റര്‍ നീളവുമാണ് ശരാശരി ഒരു കടുവയ്ക്കുണ്ടാവുക. ഏകദേശം 15 വര്‍ഷത്തോളമാണ് ഒരു കടുവയുടെ ജീവായുസ്. കടുവകള്‍ പൊതുവെ ഒറ്റയ്ക്കുള്ള ജീവിതം ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച്‌ ആണ്‍ കുടുവകള്‍ക്ക് കൂടും കുടുംബവുമൊന്നും വലിയ ഇഷ്ടമേയല്ല. വിരളമായി മാത്രമേ ആണ്‍ കടുവകളെ പെണ്‍ കടുവയ്ക്കും കുട്ടികള്‍ക്കുമൊപ്പം കാണാന്‍ കഴിയുകയുള്ളൂ. ഇണചേരാന്‍ വേണ്ടി മാത്രമാണ് പലപ്പോഴും ഇവ തമ്മില്‍ കാണുന്നത്.
പെണ്‍കടുവകള്‍ കുഞ്ഞുങ്ങളുണ്ടായാല്‍ രണ്ട് വര്‍ഷം വരെ അവയെ പരിപാലിക്കും. പിന്നീട് കുഞ്ഞുങ്ങള്‍  സ്വന്തം വഴിയെ നീങ്ങണം. ഒറ്റ പ്രസവത്തില്‍ രണ്ട് മുതല്‍ നാല് വരെ കടുവക്കുഞ്ഞുങ്ങള്‍ ഉണ്ടാവും. ജനിച്ച്‌ ആറ് മുതല്‍ എട്ട് ആഴ്ച വരെ കടുവക്കുഞ്ഞുങ്ങള്‍ക്ക് കാഴ്ച തെളിയില്ല. അമ്മയ്‌ക്കൊപ്പമുള്ള കാലയളവില്‍ ഇവ ഇരേതടാന്‍ പഠിക്കും. തന്റെ കുഞ്ഞുങ്ങള്‍ സ്വയം പ്രാപ്തി കൈവരിക്കുന്നതുവരെ പെണ്‍ കടുവ മറ്റൊരു ഇണചേരലിന് തയ്യാറാവുകയില്ല. കുഞ്ഞുങ്ങളില്‍ ആണ്‍ കുഞ്ഞുങ്ങള്‍  പെട്ടന്ന് വളരുകയും അമ്മയെ വിട്ട് പോകുവാന്‍  താല്‍പര്യം കാണിക്കുകയും ചെയ്യും.
ശബ്ദങ്ങളിലൂടെയും മണങ്ങളിലൂടെയുമാണ് കടുവകള്‍ ഇണചേരലിനുള്ള ആശയവിനമയം നടത്തുക. ഇണ ചേരാന്‍ പ്രത്യേകിച്ച്‌ സീസണുകളൊന്നും ഇവയ്ക്കില്ല. എന്നാലും ശീതകാലത്താണ് ഇണചേരലുകള്‍ കൂടുതലായും സംഭവിക്കുന്നത്.
കടുവകള്‍, പ്രത്യേകിച്ച്‌ ആണ്‍ കടുവകള്‍ തങ്ങളുടേതായ മേഖല കണ്ടെത്തി അവിടെ ആധിപത്യം സ്ഥാപിച്ച്‌ ജീവിക്കാനാഗ്രഹിക്കുന്നവരാണ്. തങ്ങളുള്ള കാടിന്റെ വലുപ്പം, ജലലഭ്യത, ഇരകളുടെ ലഭ്യത, മറ്റുള്ള കടുവകളുടെ സാന്നിധ്യം എന്നിവ പരിഗണിച്ച്‌ ഇവ സ്വയം ഒരു അതിര്‍ത്തി നിശ്ചയിക്കും. അതിനുള്ളിലേക്ക് മറ്റൊരു ആണ്‍ കടുവയെ ഇവ പ്രവേശിപ്പിക്കില്ല. പൊതുവെ ഒറ്റയാന്മാരായതിനാല്‍ വലിയ തോതിലുള്ള അടിപടികള്‍ ഇവ തമ്മില്‍ ഉണ്ടാവാറില്ല. പക്ഷെ ചില സമയങ്ങളില്‍ ഇങ്ങനെ സംഭവിക്കും. തന്റെ മേഖലയില്‍ കടന്ന ആണ്‍ കടുവയുമായി സ്ഥലത്തെ കടുവ സംഘര്‍ഷത്തിലേര്‍പ്പെടും. കൂട്ടത്തില്‍ ശക്തനാരാണോ അവന്‍ മേഖലയില്‍ നില്‍ക്കും.  ചിലപ്പോള്‍ സംഘര്‍ഷത്തിലെ ആ പരിക്കുകള്‍ മരണത്തിനും കാരണമാകും.
പൊതുവെ രാത്രി കാലങ്ങളിലാണ് ഇവ ഇരതേടുക. മറ്റു കടുവകളോ പുലികളോ കഴിച്ച മാംസത്തിന്റെ ബാക്കി കഴിക്കാന്‍ ഇവയ്ക്ക് മടിയില്ല. യഥാര്‍ത്ഥത്തില്‍ മനുഷ്യ മാംസത്തോട് വലിയ കൊതിയുള്ളത് കൊണ്ടല്ല കടുവകള്‍ നാട്ടിലിറങ്ങുന്നത്. ഇതിന് പലവിധ കാരണങ്ങളുണ്ട്. ചിലപ്പോള്‍ പ്രായക്കൂടുതലായിരിക്കാം. ശക്തനായ മറ്റൊരു ആണ്‍ കടുവ വന്നപ്പോള്‍ തന്റെ മേഖലയില്‍ നിന്നും ഈ കടുവയ്ക്ക് ഒഴിയേണ്ടി വന്നതാവാം. പ്രായക്കൂടുതല്‍ മൂലം ഇരപിടിക്കാന്‍ കഴിയാത്തതാവാം, പരിക്കുകളുമുണ്ടാവാം. ഉദാഹരണത്തിന് കുറുക്കന്‍മൂലയിറങ്ങിയ കടുവയുടെ പുറത്തു വന്ന ചിത്രത്തില്‍ അതിന്റെ കഴുത്തില്‍ വലിയൊരു മുറിവ് കാണാം. മുറിവുമായി കാട്ടില്‍ ഇരതേടാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാവാം ഇവ വളര്‍ത്തുമൃഗങ്ങളെ തേടിയിറങ്ങുന്നത്. അതേസമയം അമ്മക്കടുവയില്‍ നിന്ന് ഈ ശീലം കണ്ടു പഠിച്ച കടുവക്കുഞ്ഞുങ്ങളും സ്വാഭാവികമായി ഇരതേടി ജനവാസ മേഖലകളിലേക്കിറങ്ങാറുണ്ട്. വനമേഖലയുടെ നാശം മൂലം ആവാസ വ്യവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ഇതിന് കാരണമാവും.

Related Articles

Back to top button