IndiaLatestThiruvananthapuram

കോടതിയില്‍ ലാപ്‌ടോപ്പ് സ്ഫോടനം ; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: രോഹിണി ജില്ലാ കോടതിയില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനാണ് അറസ്റ്റിലായതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു അഭിഭാഷകനുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

മൂന്ന് തെളിവുകളാണ് കേസിലെ ഇയാളുടെ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ബാഗുമായും ഇത് ഇല്ലാതെയുമുള്ള ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ ലക്ഷ്യം വെച്ചിരുന്ന അഭിഭാഷകന്‍ സംഭവം നടക്കുമ്പോള്‍ കോടതിമുറിക്കുള്ളിലുണ്ടായിരുന്നു. ബാഗിലെ ലോഗോ ഇയാളുടെ അടുത്ത ബന്ധു ജോലി ചെയ്യുന്ന കമ്പനിയുടേതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഭിഭാഷകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു. പ്രതിക്കെതിരേ അഭിഭാഷകന്‍ പത്ത് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് സ്ഫോടനം ആസുത്രണം ചെയ്തതെന്നും പ്രതി കുറ്റസമ്മതം നടത്തി. ഡിസംബര്‍ ഒന്‍പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റത്. രാവിലെ 10.30-ഓടെയായിരുന്നു ഞെട്ടിച്ച സംഭവം. രണ്ട് ചെറിയ സ്‌ഫോടനങ്ങളാണ് കോടതിമുറിയില്‍ ഉണ്ടായത്. കനത്ത സുരക്ഷക്കിടെയായിരുന്നു കോടതി മുറിക്കുള്ളില്‍ സ്‌ഫോടനം നടന്നത്.

Related Articles

Back to top button