IndiaLatest

ഇന്ത്യന്‍ നായകന്‍ ചരിത്ര നേട്ടത്തിനരികെ

“Manju”

ശ്രീജ.എസ്

മുംബൈ: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടാനായാല്‍ ചരിത്ര നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന നായകന്‍ എന്ന നേട്ടത്തിന് കോഹ്‌ലി അര്‍ഹനാകും.

നിലവില്‍ 41 സെഞ്ച്വറികള്‍ വീതം നേടിയ റിക്കി പോണ്ടിംഗും കോഹ്‌ലിയുമാണ് റെക്കോഡ് പങ്കിടുന്നത്. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോഹ്‌ലി അവസാനമായി സെഞ്ച്വറി നേടിയത്. ഇതിന് ശേഷം 11 ഇന്നിംഗ്‌സുകളില്‍ ബാറ്റ് ചെയ്‌തെങ്കിലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ഇതുവരെ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ കോഹ്‌ലി നേടിയിട്ടുണ്ട്.

അവസാന ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച്‌ പരമ്പര സ്വന്തമാക്കുക എന്നതിലുപരി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കുക എന്നതാണ് പ്രധാനം. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരം ജയിക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുകയും ഒപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്യാം. അവസാന ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടും. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button