Thiruvananthapuram

തലസ്ഥാനത്ത് ഗുണ്ടകളെ തേടി പരക്കെ പോലീസ് റെയ്ഡ്

“Manju”

തിരുവനന്തപുരം ; തലസ്ഥാനത്തെ തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളിൽ പോലീസ് നടപടി. 10 ദിവസത്തിനിടെ 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് 1200 ഇടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ പതിനാലാം തീയതി മുതൽ ഇന്ന് വരെയുള്ള കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം വർദ്ധിച്ച സാഹചര്യത്തിൽ ഓപ്പറേഷൻ ട്രോജൻ എന്ന പേരിലാണ് പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ 3000 ഇടങ്ങളിൽ റെയ്ഡ് നടത്തി. 1200 എണ്ണം തിരുവനന്തപുരത്തായിരുന്നു നടത്തിയത്. പരിശോധനയിൽ 220 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരെയും പിടികൂടിയിട്ടുണ്ട്. 68 ലഹരിമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷൻ ട്രോജൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ പോലീസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. നഗരമദ്ധ്യത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസ് കയ്യും കെട്ടി നോക്കി നിൽക്കുന്നു എന്ന ആക്ഷേപങ്ങളാണ് ഉയർന്നത്. പോത്തൻകോട് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന് കാല് നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവം പോലീസിന്റെ മൂക്കിൻ തുമ്പിലാണ് നടന്നത്.

കഴിഞ്ഞ ദിവസം രാത്രി നഗരമദ്ധ്യത്തിൽ നാട്ടുകാർ നോക്കി നിൽക്കേ കാറിൽ സഞ്ചരിച്ച അച്ഛനേയും മകളേയും ഗുണ്ടകൾ ചേർന്ന് ആക്രമിച്ചിരുന്നു. പെൺകുട്ടിയുടെ മുഖത്തടിക്കുകയും മുടിയിൽ കുത്തിപ്പിടിക്കുകയുമാണ് അക്രമികൾ ചെയ്തത്. ഇന്നലെ രാത്രി നഗരത്തിൽ മയക്കുമരുന്ന് സംഘം ബഹളം വെച്ചിരുന്നു. പതിനാല് വയസുകാരൻ ഉൾപ്പെടെയാണ് സംഘത്തിലുണ്ടായിരുന്നത്. ഇത്രയൊക്കെ നടന്നിട്ടും അധികൃതർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നും ഇത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നുമുള്ള വിമർശനങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഈ സാഹചര്യത്തിലാണ് പോലീസ് ഗുണ്ടാ വേട്ട നടത്തിയത്.

Related Articles

Back to top button