Thrissur

വയോജനങ്ങള്‍ക്ക് ഉല്ലസിക്കാനൊരിടം; കുന്നംകുളത്തെ ജീറിയാട്രിക് പാര്‍ക്ക് ഒക്ടോബർ രണ്ടിന് തുറക്കും

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജീവിത സായന്തനത്തില്‍ പഴയ കൂട്ടുകാരൊത്ത് ഉല്ലസിക്കാന്‍ വയോധികര്‍ക്ക് കുന്നംകുളത്ത് കേന്ദ്രമൊരുങ്ങി. നഗരസഭ ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള ഏകലവ്യന്‍ സ്മാരക ലൈബ്രറി അങ്കണത്തിലാണ് 24 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ ജീറിയാട്രിക് പാര്‍ക്ക് സജ്ജമാക്കിയിട്ടുള്ളത്. ഒക്ടോബർ രണ്ടിന് രാവിലെ 10 ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്‍ ജീറിയാട്രിക് പാര്‍ക്ക് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയാകും.

നഗരസഭയിലെയും സമീപ പ്രദേശത്തെയും വയോജനങ്ങള്‍ക്ക് തങ്ങളുടെ സൗഹൃദവും ഓര്‍മകളും പങ്കുവയ്ക്കാനുള്ള ഒരിടമാക്കിയാണ് നഗരസഭ ജീറിയാട്രിക് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇതിനായി വായനശാലയുടെ അങ്കണത്തില്‍ ടൈല്‍ പാകി മേല്‍ക്കൂരമേഞ്ഞ് പുതിയ ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പാര്‍ക്കില്‍ പൂന്തോട്ടവും നിര്‍മിച്ചു. വയോജനങ്ങള്‍ക്ക് പൂന്തോട്ടത്തിനു നടുവിലിരുന്ന് സമയം ചെലവഴിക്കാമെന്നതാണ് ഏറെ പ്രത്യേകത. ഇതോടൊപ്പം ചെറിയ രീതിലുള്ള സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ നേരിട്ടുകാണാനുള്ള വേദിയും പാര്‍ക്കില്‍ സജ്ജമാണ്. ജീറിയാട്രിക് പാര്‍ക്കിനു വേണ്ടി പുതിയ ടോയ്‌ലറ്റുകള്‍ പണിതിട്ടുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ചായ, ലഘുഭക്ഷണങ്ങള്‍ക്കുള്ള കോഫി ഷോപ്പും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിയുപകരണങ്ങളും വൈകാതെ ഇവിടെ ഒരുക്കുമെന്ന് നഗരസഭ അധ്യക്ഷ സീതാ രവീന്ദ്രന്‍ പറഞ്ഞു.

മുന്‍പ് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വൈകുന്നേരത്തെ കൂട്ടായ്മകള്‍ നഗരത്തിലെ ജവഹര്‍ സ്‌ക്വയര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയിലായിരുന്നു. ഇത് ഇന്‍ഡോര്‍ സ്‌റ്റേഡിയമാക്കിയതോടെ കുന്നംകുളത്തെ വൈകുന്നേരത്തെ കൂട്ടായ്മകള്‍ ഇല്ലാതായി. പലരും പിന്നീട് വായനശാലയുടെ പഴയ മുറ്റത്തിരുന്നാണ് സൗഹൃദം പുതുക്കിയിരുന്നത്. എന്നാല്‍ ഇവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. വയോജനങ്ങളും മറ്റും ഇക്കാര്യം നഗരസഭയെ അറിയിച്ചപ്പോള്‍ ക്ഷേമപദ്ധതികളില്‍ പെടുത്തി ജീറിയാട്രിക് പാര്‍ക്ക് നിര്‍മിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി വായനശാലയിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വര്‍ഷമായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. പതിനായിരത്തിലേറെ പുസ്തകങ്ങളാണ് ഡിജിറ്റലൈസേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നവീകരണത്തിന്റെ ഭാഗമായി വായനശാല ഓഫീസ് ഭാഗത്തേക്കും ഓഫീസ്, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ മുകളിലേക്കും മാറ്റും.

Related Articles

Back to top button