![](https://i0.wp.com/santhigirinews.org/wp-content/uploads/2021/12/3-68.jpg?resize=589%2C338&ssl=1)
ഇടുക്കി: സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്റെ പേരില്‍ മൂന്നാര്‍ സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി.
മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്കാണ് പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് സ്കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് 60,000രൂപ കൈക്കൂലി നല്‍കണമെന്ന് സീനിയര്‍ ക്ലര്‍ക്കായ റഷീദ് ആവശ്യപ്പെട്ടത്. ആദ്യം 40,000രൂപ അഡ്വാന്‍സായി വേണമെന്ന് പറഞ്ഞിരുന്നു എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം പണമില്ലാ എന്ന് പറഞ്ഞപ്പോള്‍ അഡ്വാന്‍സ് തുകയായി 25,000 രൂപ ആവശ്യപ്പെട്ടു. അതോടെ മൂന്നാര്‍ സ്വദേശി പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
2019ലും 2020ലും സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോഴും അതിന് റഷീദ് ആവശ്യപ്പെട്ടതനുസരിച്ച് കൈക്കൂലി നല്‍കിയിരുന്നു. മൂന്നാം തവണയും ആവശ്യപ്പെട്ടപ്പോഴാണ് പരാതി നല്കാന് തീരുമാനിച്ചത്. തൊടുപുഴയില്‍ വച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി, ശേഷം പണം കൈമാറുന്നതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.