
നന്ദകുമാർ വി ബി
മേയ് 15 വരെ ഭാഗിക ലോക്ഡൗണ്‍ വേണമെന്ന് കേരളം; നിര്‍ണായക സൂചനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണ്‍ മേയ് 15 വരെ ഭാഗികമായി മുന്നോട്ട് കൊണ്ട് പോകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം, ഹോട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം, മറ്റിടങ്ങളില്‍ അകല വ്യവസ്ഥ, മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ എന്ന രീതിയാവും മേയ് 3നു ശേഷമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
മേയ് 3നു ശേഷവും നിലവിലെ രീതിയില്‍ ലോക്ഡൗണ്‍ തുടരുന്നതാണ് ഉചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും നിര്‍ദേശിച്ചു. രോഗം ബാധിക്കാത്ത സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്‍പ്പെടെ, കര്‍ശന നിയന്ത്രണമില്ലാത്ത സ്ഥലങ്ങളില്‍ ജില്ലകള്‍ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ജില്ലകള്‍ കടന്നുള്ള പൊതുഗതാഗതം തല്ക്കാലം ഉണ്ടാവില്ല.
മുഖ്യമന്ത്രിമാരില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങള്‍ക്കൂടി പരിശോധിച്ച് തുടര്‍നടപടികള്‍ ഏതാനും ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് ഭീഷണി അവസാനിച്ചെന്നു കരുതാനേ പറ്റില്ലെന്നും അതീവ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.