LatestThiruvananthapuram

ചിതയിലെരിയുവോളം തുണയായി ആ പോലീസുകാരന്‍

“Manju”

നെയ്യാറ്റിന്‍കര: ‘ഒരു സോപ്പ് വാങ്ങി തരാമോ’ എന്ന് ചോദിച്ച വയോധികനായ യാചകനെ കുളിപ്പിച്ച അതേ പോലീസുകാരന്‍ തന്നെ ആ വയോധികന്റെ സംസ്ക്കാര ചടങ്ങുകള്‍ക്കും തുണയായി.
നെയ്യാറ്റിന്‍കര ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പൂവാറിനു സമീപം വിരാലി തേവരുമുള്ള് വീട്ടില്‍ എസ്.ബി. ഷൈജു അനാഥ വയോധികനെ കുളിപ്പിച്ച്‌ ശുചിയാക്കിയ അപൂര്‍വ സംഭവം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു.
തിരുച്ചറപ്പള്ളി സ്വദേശി ആത്തിയപ്പന്‍ (സുബ്രഹ്മണ്യന്‍ – 87) ആണ് ഷൈജുവിന്റെ സഹജീവിസ്നേഹം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഈ സംഭവത്തിനു ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നെയ്യാറ്റിന്‍കരയിലെ കട വരാന്തയില്‍ അസുഖം ബാധിച്ചു കണ്ടെത്തിയ ആത്തിയപ്പനെ ഷൈജു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ 17ന് രാത്രിയില്‍ മരിച്ചു. തുടര്‍ന്ന് ഷൈജു ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒടുവില്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് അവരെ കണ്ടെത്തി. ആത്തിയപ്പന്‍ എന്ന പേര് അറിയുന്നതു പോലും അന്നാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് അത്തിയപ്പന്റെ മകള്‍ സെന്തമിഴ് ശെല്‍വി മറ്റൊരു ബന്ധുവിനൊപ്പം നെയ്യാറ്റിന്‍കരയിലെത്തി. ഇരുവര്‍ക്കും ഷൈജു താമസമൊരുക്കി. ഇന്നലെ രണ്ടരയോടെ ആത്തിയപ്പന്റെ മൃതശരീരം ജനറല്‍ ആശുപത്രിയില്‍ നിന്ന് തൈക്കാട് ശാന്തി കവാടത്തില്‍ ഷൈജു എത്തിച്ചു. സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ബന്ധുക്കള്‍ക്ക് തിരികെ മടങ്ങാനുള്ള പണവും നല്‍കിയ ശേഷമാണ് ഈ പൊലീസുകാരന്റെ മടങ്ങിയത്. മൂന്നു ദശാബ്ദമായി നെയ്യാറ്റിന്‍കരയിലും പരിസരത്തുമാണ് ആത്തിയപ്പന്‍ ജീവിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.

Related Articles

Back to top button