KeralaLatest

സപ്ലൈകോ ഓണ്‍ലൈന്‍ ഡെലിവറി – ഇനി തിരുവനന്തപുരത്തും

“Manju”

തിരുവനന്തപുരം:  കോര്‍പ്പറേഷന്‍ പരിധിയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ സെയില്‍സും, ഹോം ഡെലിവറി സംവിധാനവും ഇന്നുമുതല്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ പരിസരത്ത് ഇന്ന് രാവിലെ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 11-ന് തൃശ്ശൂരില്‍ വച്ച് നടന്നിരുന്നു. മാറുന്ന ലോകക്രമത്തില്‍ നമ്മുടെ രാജ്യത്ത് ഓണ്‍ലൈന്‍ വില്പനയ്ക്ക് അനന്ത സാധ്യതകളുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ രണ്ടാം പിണറായി സര്‍ക്കാര്‍ ഭക്ഷ്യ-പൊതുവിതരണ രംഗത്ത് നിര്‍ണ്ണായക ചുവടുവയ്പുകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളും, പഴം, പച്ചക്കറി ഉത്പ്പന്നങ്ങള്‍, മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി സപ്ലൈകോ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ ഓണ്‍ലൈനിലൂടെ വില്പന നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി. ഇതുവഴി കാര്‍ഷിക വിഭവങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് സാഹചര്യമൊരുക്കും. സപ്ലൈകോ കുടുംബശ്രീയുടെ സഹകരണത്തോടെ ഹോം ഡെലിവറി നടത്തിവരികയായിരുന്നു. ഈ വിജയത്തിന്റെ ചുവടുപിടിച്ചാണ് സ്വന്തമായി ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും നടത്താന്‍ സപ്ലൈകോ തീരുമാനിച്ചത്. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് സപ്ലൈകോ വഴി സർക്കാരിന്റെ വിപണി ഇടപെടല്‍ പൂർണ്ണവിജയമാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സപ്ലൈകോ വഴി വിതരണം നടത്തുന്ന സാധനങ്ങളുടെ ഗുണനിലവാരവും വിലയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ആദ്യ വില്‍പന നിർവഹിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട് ലെറ്റ് വഴി ഉത്പന്നങ്ങള്‍ ഓർഡർ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സപ്ലൈകോ ഏതൊരു ഓണ്‍ലൈന്‍ ബില്ലിനും 5% വിലക്കിഴിവ് നല്‍കുന്നു. ഈ ആപ്പിലൂടെ ലഭിക്കുന്ന ഓർഡറുകള്‍ക്ക് ഏറ്റവും കൂടിയത് 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ച് നല്‍കുന്നതാണ്. ചടങ്ങില്‍ തിരുവനന്തപുരം കോർപ്പറേഷന്‍ ഡപ്യൂട്ടി മേയർ പി. കെ. രാജു, ഫോർട്ട് വാർഡ് കൗണ്‍സിലർ  ‍ജാനകി അമ്മാള്‍ എന്നിവർ ആശംസകളർപ്പിച്ചു. സപ്ലൈകോ ജനറല്‍ മാനേ‍ജർ റ്റി. പി. സലീംകുമാർ ഐ. ആർ. എസ് സ്വാഗതവും സപ്ലൈകോ തിരുവനന്തപുരം റീജിയണല്‍ മാനേജർ പി ജയപ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫീസ്, 11/01/2022

Related Articles

Back to top button