KeralaLatest

സഞ്ചരിക്കുന്ന കിയോസ്‌കുമായി ഹോമിയോപ്പതി വകുപ്പ്

“Manju”

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ‍ ഓഫീസുകളിലും വിതരണം ചെയ്യുന്നതിനുള്ള ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന കിയോസ്‌കിന്റെ ജില്ലാതല പര്യടനം തുടങ്ങി.
കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ആര്‍ മുരളീധരന്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കിയായിരുന്നു ഉദ്ഘാടനം. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .ഡി . ബിജുകുമാര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പകുതിയില്‍ അധികം കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പദ്ധതിയുമായി ഹോമിയോപ്പതി വകുപ്പ് മുന്നിട്ടിറങ്ങിയത് ഗുണകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ വ്യാപിക്കുന്ന ഒരു ഘട്ടമാണ് നിലവിലുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, ബാങ്കുകള്‍, കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വ്യാപനവും ക്ലസ്റ്ററും കൂടുന്നതിനാലാണ് ഹോമിയോപ്പതി വകുപ്പിന്റെ മെഡിക്കല്‍ ടീം നേരിട്ടെത്തി ആവശ്യമുള്ള ആളുകള്‍ക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ ഹോമിയോപ്പതി ബൂസ്റ്റര്‍ മരുന്ന് നല്‍കുന്നത് പത്തനംതിട്ട ജില്ലയിലാണ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നായ ആഴ്സനിക് ആല്‍ബം 30സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്‍കിവരുന്നു. ജില്ലയില്‍ അഞ്ചുദിവസം പര്യടനം നടത്തുന്ന കിയോസ്‌ക് ഫെബ്രുവരി ഒന്നിന് പത്തനംതിട്ട, കോന്നി, രണ്ടിന് മല്ലപ്പള്ളി, റാന്നി, മൂന്നിന് തിരുവല്ല, നാലിന് അടൂര്‍, പന്തളം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മരുന്ന് ലഭ്യമാകുന്നതിനായി 9447040126 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button