IndiaLatest

ഏറ്റവും വലിയ വ്യാപാര, സാംസ്കാരികകേന്ദ്രവുമായി റിലയന്‍സ്

“Manju”

മുംബൈ: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ ഹൃദയഭാഗത്ത്, രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ, വ്യാപാര, സാംസ്‌കാരിക കേന്ദ്രവുമായി ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്. മുകേഷിന്റെ പത്നിയും റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഡയറക്‌ടറും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണുമായ നിത അംബാനിയുടെ ആശയമാണ് ജിയോ വേള്‍ഡ് സെന്റര്‍.

മുംബയിലെ ബാന്ദ്ര കുര്‍ള കോംപ്ളക്‌സില്‍ (ബി.കെ.സി) 18.5 ഏക്കറിലാണ് കേന്ദ്രം ഒരുങ്ങുന്നത്. റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് ആദരമായി ‘ധീരുഭായ് അംബാനി സ്‌ക്വയര്‍”, മ്യൂസിക്കല്‍ ഫൗണ്ടന്‍ ഒഫ് ജോയ്, ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററായ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, സാംസ്കാരികകേന്ദ്രം, കഫേകള്‍, റെസ്‌റ്റോറന്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, എക്‌സിബിഷന്‍ ഹാളുകള്‍ തുടങ്ങിയവയാണ് സെന്ററിലുള്ളത്.

2022-23ല്‍ ഘട്ടംഘട്ടമായാണ് പദ്ധതികള്‍ തുറക്കുക. ആദ്യഘട്ടത്തില്‍ ധീരുഭായ് അംബാനി സ്ക്വയറും ഫൗണ്ടന്‍ ഒഫ് ജോയിയും ഉപഭോക്താക്കള്‍ക്കായി തുറക്കും. ഇന്ത്യയുടെ വികസനമുന്നേറ്റത്തിലെ പുതിയ അദ്ധ്യായമായിരിക്കും ജിയോ വേള്‍ഡ് സെന്ററെന്ന് നിത അംബാനി വ്യക്തമാക്കി. മുംബൈക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുതിയ അനുഭവം സമ്മാനിക്കുന്ന സെന്ററിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വിവാഹം, പ്രദര്‍ശനങ്ങള്‍, മേളകള്‍ തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമാണ് ജിയോ വേള്‍ഡ് സെന്റര്‍.

ജിയോയുടെ വിസ്മയലോകം
വെള്ളവും വെളിച്ചവും സംഗീതവും സമന്വയിക്കുന്ന മനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്നതാവും മ്യൂസിക്കല്‍ ഫൗണ്ടന്‍ ഒഫ് ജോയ്. ഇന്ത്യയുടെ വൈവിദ്ധ്യം വിവിധ വര്‍ണങ്ങളിലൂടെ ദൃശ്യവത്കരിക്കാനായി 600 എല്‍.ഇ.ഡി ലൈറ്റുകള്‍, 392 വാട്ടര്‍ജെറ്റ്‌സ് തുടങ്ങിയവ ഇതിനൊപ്പമുണ്ട്. സംഗീതത്തിനനുസരിച്ച്‌ നൃത്തംചെയ്യുന്ന താമരയിതളുകളും സന്ദര്‍ശകരുടെ മനംകവരും.

16,500ലേറെ പേര്‍ക്കിരിക്കാവുന്ന മൂന്ന് എക്‌സിബിഷന്‍ കേന്ദ്രങ്ങള്‍.
10,640 പേര്‍ക്കിരിക്കാവുന്ന രണ്ട് കണ്‍വെന്‍ഷന്‍ സെന്ററുകള്‍
3,200 പേരെ ഉള്‍ക്കൊള്ളുന്ന ബോള്‍റൂം.
25 മീറ്റിംഗ് റൂമുകള്‍.
5ജി നെറ്റ്‌വര്‍ക്ക് എക്‌സ്‌പീരിയന്‍സ് കേന്ദ്രം.
ദിവസവും 18,000 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വമ്പന്‍ അടുക്കള.
5,000 കാറുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ക്കിംഗ് ഏരിയ.

Related Articles

Back to top button