IndiaLatest

16 വര്‍ഷത്തെ സേവനത്തിനു ശേഷം എ.കെ ആന്‍റണി വിരമിക്കുന്നു

“Manju”

ഡല്‍ഹി: എ.കെ ആന്‍റണി രാജ്യസഭയില്‍ നാളെ കാലാവധി പൂര്‍ത്തിയാക്കുന്നു. തുടര്‍ച്ചയായ 16 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ഒരു മാസത്തിനുള്ളില്‍ താമസം കേരളത്തിലേക്ക് മാറും.  ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ രാജ്യസഭയില്‍ നിന്നും ആന്‍റണി വിടവാങ്ങി. കോവിഡ് നെഗറ്റീവ് ആയി രണ്ട് ദിവസം കഴിഞ്ഞയുടന്‍ നടന്ന സമ്മേളനത്തില്‍ അധിക നേരം ഇരിക്കാനോ മറുപടി പ്രസംഗം നടത്താനോ ആന്‍റണി ഉണ്ടായിരുന്നില്ല. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അത്താഴ വിരുന്നിലും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ വ്യക്തി ഈ മുന്‍ പ്രതിരോധ മന്ത്രിയാണ്. കെ .ആര്‍ നാരായണനടക്കം നിരവധി പേര്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കി അയച്ചിട്ടുണ്ടെങ്കിലും എ.കെ ആന്‍റണി ഒരിക്കല്‍ പോലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. രാജ്യസഭയുമായിട്ടായിരുന്നു ആത്മബന്ധം ഏറെയും.
കോണ്‍ഗ്രസ് ലയനത്തിന് ശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ആന്‍റണി 1985 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം വട്ടവും തെരഞ്ഞെടുത്ത് കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഒഴിഞ്ഞത്, കെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വേണ്ടിയായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദവി ഇടയ്ക്ക് ഉപേക്ഷിച്ച്‌ വീണ്ടും രാജ്യസഭയില്‍. 2005 ഇല്‍ ഉപരിസഭയില്‍ എത്തിയ ആന്‍റണി രണ്ട് വട്ടം കൂടി തുടര്‍ന്നു. പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നതും രാജ്യത്തിന്റെ  ഭരണ ചക്രം തിരിക്കുന്നതില്‍ പ്രധാനിയാകുന്നതും ഇക്കാലത്താണ്.
ആന്‍റണിക്ക് വേണ്ടി നിയമസഭ സീറ്റ് ഒഴിഞ്ഞു കൊടുത്ത തലേക്കുന്നില്‍ ബഷീറിന് പിന്നീട് നല്‍കിയത് രാജ്യസഭാ സീറ്റ്. ആന്‍റണിയുടെ നിര്‍ദേശ പ്രകാരം ആര്യാടന്‍ മുഹമ്മദിന് വേണ്ടി സീറ്റ് ഒഴിഞ്ഞ സി ഹരിദാസിനെയും രാജ്യസഭയിലെത്തിച്ചു . ഇനി രാജ്യസഭയിലേക്കില്ലെന്നു ഉറപ്പിച്ചു കേരളത്തിലേക്ക് മടങ്ങുകയാണ്. എം.പി പദവി അവസാനിച്ചു ഒരു മാസം കൂടി ഔദ്യോഗിക വസതിയില്‍ താമസിക്കാം. ആ കാലാവധിക്ക് മുന്നേ മടങ്ങാനാണ് തയ്യാറെടുക്കുന്നത്. അടുത്ത പ്രവര്‍ത്തക സമിതി കൂടി കഴിഞ്ഞാല്‍ ആന്‍റണി ഡല്‍ഹിയോട് വിടപറയും. എ.കെ എന്ന രണ്ടക്ഷരത്തിലെ കോണ്‍ഗ്രസിന്റെ ധാര്‍മിക ശക്തിയെ കൂടിയാണ് നാട്ടിലേക്കു പറിച്ചു നടുന്നത്.

Related Articles

Back to top button