KeralaLatest

കേരളം നമ്പര്‍ വണ്‍ ! ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശനം

“Manju”

കണ്ണൂര്‍ : കല്ലുമാല സമരം തൊട്ട് കെ റെയില്‍ വരെ കേരളം കണ്ട പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാള്‍ വഴികളിലൂടെയുള്ള യാത്രയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ എന്റെ കേരളം സ്റ്റാള്‍. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളും സമരങ്ങളും അനാവരണം ചെയ്തുകൊണ്ടാണ് സ്റ്റാളിലേക്കുള്ള പ്രവേശനം.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ മുതല്‍ പുതുതലമുറ എഴുത്തുകാരായ വി ആര്‍ സുധീഷും ജി ആര്‍ ഇന്ദുഗോപനും വരെയുള്ള എഴുത്തുകാര്‍. എം ടിയും തകഴിയും കാക്കനാടനും തുടങ്ങി മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ രൂപങ്ങള്‍ മലയാള ഭാഷയുടെ വികാസ പരിണാമങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ സകല കലകളുടെയും ചിത്ര രൂപങ്ങള്‍ ആലേഖനം ചെയ്ത ‘കലാകേരളം’, പഴയകാല ഉപകരണങ്ങളും വാസ്തു മാതൃകകളും പരിചയപ്പെടുത്തുന്ന ‘കേരളപ്പഴമ ‘, ഇ എം എസ് മുതല്‍ ഇ കെ നായനാര്‍ വരെയുള്ള കേരള മുഖ്യമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ‘ആധുനിക കേരളത്തിന്റെ ശില്‍പികള്‍’ എന്നീ സ്റ്റാളുകള്‍ ശ്രദ്ധേയമാണ്. ജലയാന ചരിത്രത്തിന്റെ നാള്‍വഴികള്‍, ജനകീയ ഗതാഗതത്തിന്റെ തുടക്കം, വേഷവും സംസ്‌കാരവും, ആരോഗ്യ സംരക്ഷണ മാതൃകകള്‍, കച്ചവടം തുടങ്ങി മാറ്റങ്ങളുടെ ഗതിവേഗങ്ങള്‍ ഇവിടെ ഒറ്റ നോട്ടത്തിലടുത്തറിയാം.

Related Articles

Back to top button