LatestThiruvananthapuram

ഗുരുശിഷ്യപാരസ്പര്യമാണ് ശാന്തിഗിരിയുടെ അടിത്തറ ;സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : ഗുരുശിഷ്യപാരസ്പര്യമാണ് ശാന്തിഗിരിയുടെ അടിത്തറയെന്നും ലോകത്തിന് എക്കാലത്തും ആത്മീയ വെളിച്ചം പകരുന്നതാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ വാക്കുകളെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം അദ്ധ്യാപക ഭവനില്‍ വച്ചു നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ലോകത്തെ നന്മയിലേയ്ക്ക് നയിക്കുവാന്‍ വന്ന അനേകം ഗുരുക്കൻമാരെ അവരുടെ ആത്മീയ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്നതിന് മുന്‍പ് അവതാളപ്പെടുത്തുന്ന അനുയായികളുടെ ആത്മീയ ചരിത്രമാണ് നമ്മുടെ മുന്‍പിലുള്ളത്. ഈ കർമ്മഗതിയെ തിരുത്താനുള്ള ആർജ്ജവമാണ് ഓരോ ശിഷ്യർക്കും ഉണ്ടാകേണ്ടതെന്നും സ്വാമി അഭിപ്രായപ്പെട്ടു. സ്വാമി ജനനന്മ ജ്ഞാനതപസ്വി , സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ഡോ. റ്റി. എസ്. സോമനാഥന്‍, ഷോഫി.കെ, കിരൺ. ജി. ആർ, സബീർ തിരുമല, ഡോ. കെ. എന്‍. ശ്രീകുമാരി, മനോജ്കുമാർ.സി.പി, എസ്. സേതുനാഥ്, മുരുകൻ.വി എന്നിവർ പ്രസംഗിച്ചു. ശാന്തിഗിരി ആശ്രമം ഉപദേശകസമിതി അംഗം എസ്. കുമാര്‍ സ്വാഗതവും നെയ്യാറ്റിന്‍കര ഏരിയ ഓഫീസര്‍ ശശിന്ദ്രദേവ് കൃതജ്ഞതയും രേഖപ്പെടുത്തി.

കേരള സാംസ്ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത നടനും സംവിധായകനുമായ മധുപാലിനെയും ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെയും വേദിയിൽ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിനെയും സംസ്ഥാനതല കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിയെയും വേദിയില്‍ അനുമോദിച്ചു. രാവിലെ 9.30 മണിക്ക് തുടങ്ങിയ സത്സംഗം ഉച്ചയ്ക്ക് 2 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര ഏരിയകളിൽ നിന്നായി നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടക്കും.

Related Articles

Back to top button