KeralaLatest

നേപ്പാളി കല്യാണം കേരളത്തില്‍

“Manju”

പേരാവൂര്‍: പാതിരാത്രിയില്‍ കേരളത്തിലൊരു നേപ്പാളി കല്യാണം. എന്നാല്‍ അത് നാട്ടില്‍ ആരും അറിഞ്ഞില്ല. പേരവൂര്‍ ടൗണില്‍ ഗൂര്‍ഖയായി ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശി ദേക് ബഹാദൂര്‍ നഗറിയുടെയും ലക്ഷ്മി ദേവിയുടെയും മകള്‍ ജാനകിയും, തിരുച്ചിയില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശി ഗിരിയുടെയും മാന്‍സരയുടെയും മകന്‍ എഗന്ദറും തമ്മിലുളള വിവാഹമാണ് കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ വരെ നടന്നത്. വ്യാഴാഴച്ച രാത്രി 12ന് വരനും സംഘവും എത്തിയപ്പോളാണ് വിവാഹത്തേക്കുറിച്ച്‌ നാട്ടുകാര്‍ അറിയുന്നത്. ചെന്നൈയില്‍ നിന്ന് ബസ്സില്‍ എത്തിയ വരനെ തോളിലേറ്റി നൃത്തം ചവിട്ടിയാണ് വധു ഗൃഹത്തില്‍ എത്തിച്ചത്.

വരനെ നോട്ട് മാലയിട്ട് ജാനകിയുടെ പിതാവ് സ്വീകരിച്ചു. വരന്റെ കൂടെയുളളവരെ പൂമാലയിട്ടും സ്വീകരിച്ചു. മധുരവും സിഗരറ്റും നല്‍കി ചടങ്ങള്‍ ആരംഭിച്ചു. പാല് കൊണ്ട് വധുവരന്‍മാരുടെ കാലുകള്‍ കഴുകി, പരസ്പ്പരം മാല അണിയിച്ചു. പുടവകൊണ്ട് ബന്ധിച്ച്‌ അഗ്നിയ്ക്ക് അഞ്ച് തവണ വലം വെച്ച്‌ മതാചാരപ്രകാരം ചടങ്ങുകള്‍ അവസാനിച്ചു. ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ പുലര്‍ച്ചെ നാല് മണിയായി. പിന്നീട് ബന്ധുക്കള്‍ക്ക് ദക്ഷിണ നല്‍കുകയും, പൂക്കള്‍ വിതറി അവര്‍ അനുഗ്രഹിക്കുകയും ചെയ്തു. പാട്ടും നൃത്തവുമായി ഒരു രാത്രി പുലര്‍ന്നത് അറിയാതെ വിവാഹം കെങ്കേമമായി. വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തിയിരുന്നു. 22 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന ബഹാദൂറിന് നേപ്പാളുമായി കാര്യമായ ബന്ധമില്ല. അഞ്ച് മക്കളാണ് ഇദ്ദേഹത്തിന് ഉളളത്. ജാനകി മൂന്നാമത്തെ മകളാണ്. മൂത്തമക്കളായ ഗോവിന്ദയുടെയും പത്മയുടെയും വിവാഹം നേപ്പാളിലെ മഹാദേവി സ്ഥാനില്‍ വെച്ചാണ് നടന്നത്. വിദ്യാര്‍ത്ഥികളായ അഞ്ജലിയും, കരണുമാണ് ഇളയമക്കള്‍.

Related Articles

Back to top button