IndiaLatest

രാജ്യത്തുടനീളം സയന്‍സ് മ്യൂസിയങ്ങള്‍ സ്ഥാപിക്കും

“Manju”

ന്യൂഡല്‍ഹി: കുട്ടികളിലും യുവാക്കളിലും ശാസ്ത്ര മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം സയന്‍സ് മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും(സിഎസ്‌ഐആര്‍) നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയവും(എന്‍സിഎസ്‌എം) ധാരണാപത്രത്തില്‍ ഒപ്പിട്ടു. ജിതേന്ദ്ര സിംഗിന്റെയും കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഡിയുടെയും നേതൃത്വത്തിലായിരുന്നു ഒപ്പിടല്‍. ശാസ്ത്രത്തിന്റെ വളര്‍ച്ചയിലേയ്‌ക്കും പ്രചാരണത്തിലേയ്‌ക്കുമുള്ള ഒരു ചുവടുവെയ്പ്പാണിതെന്ന് സിംഗ് അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐഐടി ബോംബൈയുടെ പങ്കാളിത്തത്തോടെ വെര്‍ച്വല്‍ ലാബുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തെ സിംഗ് പ്രശംസിച്ചു. എന്‍സിഎസ്‌എമിന്റെയും സിഎസ്‌ഐആറിന്റെയും ആഭ്യമുഖ്യത്തില്‍ എട്ട് പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങളും, സാങ്കേതിക വിദ്യയുടെ വികസനവും ഉള്‍ക്കൊള്ളിച്ച്‌ ആരംഭിക്കുന്ന മ്യൂസിയത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
കേന്ദ്രീയ വിദ്യാലയങ്ങളുമായും, നവോദയ വിദ്യാലയങ്ങളുമായും, നീതി ആയോഗിന് കീഴിലുള്ള അടല്‍ തിങ്കറിംഗ് ലാബുകളുമായും ചേര്‍ന്ന് സിഎസ്‌ഐആര്‍ ഉള്‍പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുത്ത സിഎസ്‌ഐആര്‍ ലബോറട്ടറികളിലായിരിക്കും മ്യൂസിയം സജ്ജീകരിക്കുക. സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ആളുകള്‍ക്കിടയില്‍ ശാസ്ത്ര ബോധം വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഴിവുകളുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു പോകണമെന്നും ഇതിനായി നൂറ്റാണ്ടിലെ ചില പ്രധാന ആശയങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. വിമര്‍ശനാത്മക ചിന്ത, സര്‍ഗ്ഗശക്തി, സഹകരണം, കൗതുകം, ആശയവിനിമയം എന്നിവയാണവ.

Related Articles

Back to top button