KeralaLatest

തേനിയില്‍നിന്ന് ട്രെയിന്‍ സര്‍വിസ് 27 മുതല്‍

“Manju”

കുമളി: സംസ്ഥാന അതിര്‍ത്തി ജില്ലയായ തേനിയില്‍ നിന്ന് ഈ മാസം 27 മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 വര്‍ഷം നീണ്ട ഇടവേളക്കു ശേഷമാണ് അതിര്‍ത്തി ജില്ലയില്‍ ട്രെയിനിന്റെ ചൂളംവിളി ഉയരുന്നത്. രാജ്യത്തെ മീറ്റര്‍ഗേജ് പാതകള്‍ ബ്രോഡ്ഗേജ് ആക്കുന്നതിന്റെ ഭാഗമായി 2010 ഡിസംബറിലാണ് തേനി പാതയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പലവിധ കാരണങ്ങളാല്‍ നിര്‍മാണ ജോലികള്‍ ഒരു ദശാബ്ദത്തിലധികം നീണ്ടു. 450 കോടി രൂപ ചെലവിലാണ് മധുര- ബോഡിനായ്ക്കന്നൂര്‍ പാതയില്‍ നിര്‍മാണ ജോലികള്‍ ആരംഭിച്ചത്. ഇതില്‍ തേനി മുതല്‍ മധുര വരെയുള്ള ഭാഗത്തെ പാത വീതി കൂട്ടല്‍ ജോലികള്‍ പൂര്‍ത്തിയായതായി സുരക്ഷ വിഭാഗം വിലയിരുത്തി.

ഇതേ പാതയിലെ തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെ 15 കിലോമീറ്റര്‍ പാതയുടെ നിര്‍മാണ ജോലികള്‍ നടന്നുവരുകയാണ്. മധുര മുതല്‍ ഉശിലംപ്പെട്ടി വരെ 37 കിലോമീറ്റര്‍, ഉശിലംപ്പെട്ടി മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 21 കിലോമീറ്ററും ആണ്ടിപ്പെട്ടി മുതല്‍ തേനി വരെ 17 കിലോമീറ്റര്‍ ദൂരവും വിവിധ ഘട്ടങ്ങളിലായി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഏറെ കാലമായി നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം അതിര്‍ത്തി ജില്ലയില്‍ പുനരാരംഭിക്കുന്നത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ചരക്കുനീക്കം, തീര്‍ഥാടകരുടെ യാത്ര എന്നിവക്കും വിനോദസഞ്ചാരത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button