IndiaLatest

“ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്”; ബില്‍ ഗേറ്റ്‌സ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തെ പ്രകീര്‍ത്തിച്ച്‌ ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്സ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ രാജ്യം സ്വീകരിച്ച നടപടികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും മികച്ചതാണെന്നും അക്കാര്യത്തില്‍ ഇന്ത്യ വിജയിച്ചുവെന്നും ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

“ഡോ. മന്‍സൂഖ് മാണ്ഡവ്യയെ കാണാനും ആഗോള ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രതിരോധ കുത്തിവെയ്പ്പിലൂടെ ഇന്ത്യ കൈവരിച്ച നേട്ടവും ആരോഗ്യ മേഖലയിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗവും ലോകരാജ്യങ്ങള്‍ക്ക് പാഠമാണ്’ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റിന് താഴെ കമന്റായിട്ടായിരുന്നു ബില്‍ഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ‘ ബില്‍ ഗേറ്റ്‌സുമായുള്ള കൂടിക്കാഴ്ചക്കിടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഡിജിറ്റല്‍ ഹെല്‍ത്ത്, ഡിസീസ് കണ്‍ട്രോള്‍ മാനേജ്‌മെന്റ്, ഗുണമേന്‍മയുള്ളതും താങ്ങാവുന്നതുമായ ആരോഗ്യ സേവനങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു’ ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഇതിന് കീഴെയാണ് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചത്.

അതേസമയം ഇന്ത്യയിലെ വാക്‌സിനേഷന്‍ വിതരണം 193.13 കോടി ഡോസുകള്‍ കവിഞ്ഞു. കൗമാരക്കാരായവര്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിനേഷനും പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്പ്പും രാജ്യത്ത് പുരോഗമിക്കുകയാണ്. നിലവില്‍ 16,308 പേരാണ് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. 0.60 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Related Articles

Back to top button