IndiaLatest

ഗാന്ധി നഗര്‍ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് നല്‍കും

“Manju”

ഗാന്ധിനഗർ: നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിക്ക് പിറന്നാൾ സമ്മാനവുമായി ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ. ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ മോദിയുടെ പേര് നൽകുമെന്ന് ഗാന്ധിനഗർ മേയർ ഹിതേഷ് മക്വാന അറിയിച്ചു.

റെയ്സാൻ പെട്രോൾ പമ്പിൽ നിന്നുമുള്ള 80 മീറ്റർ റോഡിനാണ് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകുന്നത്. ജനങ്ങളുടെ ആവശ്യ പ്രകാരം ‘പൂജ്യ ഹീരാബാ മാർഗ്‘ എന്നാണ് റോഡിന് പേര് നൽകുന്നതെന്ന് മേയർ അറിയിച്ചു. പ്രധാനമന്ത്രിയുടെ മാതാവിന്റെ നാമം ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങൾ വരും തലമുറകൾക്ക് പകർന്ന് നൽകുന്നതിന് വേണ്ടിയുമാണ് നടപടിയെന്നും മേയർ ഹിതേഷ് മക്വാന വ്യക്തമാക്കി.

ജൂൺ 18നാണ് ഹീരാബെൻ മോദിയുടെ നൂറാം പിറന്നാൾ. അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തും. വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിൽ അന്ന് പ്രത്യേക പൂജകളും നടക്കും.

പ്രധാനമന്ത്രി തന്റെ വഡോദര സന്ദർശന വേളയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുൾപ്പെടെ 4 ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്യും. മാർച്ച് 11 ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അഹമ്മദാബാദിൽ ചെന്ന് അമ്മയെ കണ്ടിരുന്നു. കൊറോണ മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അന്ന് അദ്ദേഹം അമ്മയെ കണ്ടത്.

Related Articles

Back to top button