LatestThiruvananthapuram

മാധ്യമങ്ങളെ വിലക്കിയിട്ടില്ല

“Manju”

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫീസിലേക്ക് പോകാന്‍ തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമില്‍ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരിക്കുകയാണ്.

ഇന്ന് യുഡിഎഫിന്റെ യുവ എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്. കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ചാണ് ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള യുവ എം.എല്‍.എമാര്‍ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ മുതല്‍ എസ്‌എഫ്‌ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികള്‍ നിര്‍ത്തിയത്.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയില്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാനിരുന്നത്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ നിര്‍ത്തിവെച്ചത്.

Related Articles

Back to top button