KeralaLatest

സി.വി പാപ്പച്ചന്‍ മേയ് 31ന് വിരമിക്കും

“Manju”

ത‍ൃശൂര്‍ :കേരള പോലീസില്‍, കാല്‍ പന്തുകളിയുടെ വിസ്മയം തീര്‍ത്ത് കാണികളെയും, മൈതാനങ്ങളും ത്രസിപ്പിച്ച സി വി പാപ്പച്ചന്‍ മേയ് 31ന് വിരമിക്കുന്നു. 36 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പോലീസ് അക്കാദമിയില്‍ നിന്നും ഉദ്ദേഹം വിരമിക്കുന്നത്. കേരള പോലീസ് ഫുട്ബോള്‍ ടീമിലെ സുവര്‍ണ്ണ കണ്ണിയാണ് സി.വി പാപ്പച്ചന്‍.എ. എസ്. ഐ ആയിട്ടായിരുന്നു കേരള പോലീസ് അക്കാദമിയില്‍ പാപ്പച്ചന്‍ ചേര്‍ന്നത്. 1990ല്‍ സാല്‍ ഗോക്കറിനെ അട്ടിമറിച്ച്‌ കേരള പോലീസ് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ സി.വി പാപ്പച്ചന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ജന്മനാടായ പറപ്പൂര്‍ പള്ളി എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് പാപ്പച്ചന്‍ ഫുട്ബോള്‍ തുടങ്ങുന്നത്. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സി ഇറക്കിയിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ നിരവധി തവണ ഇദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ടു തവണ ജേതാക്കളായ ടീമില്‍ കളിച്ചിട്ടുണ്ട്. വി.പി സത്യന്‍ ഐ.എം വിജയന്‍, യു. ഷറഫലി, തോബിയസ്, കെ.ടി ചാക്കോ തുടങ്ങിയ തലമുറയ്ക്കൊപ്പം പാപ്പച്ചനും ഉണ്ട്. കേരള പോലീസിന്റെ നിരവധി തസ്തികകളില്‍ ചുമതല വഹിച്ച പാപ്പച്ചന്, രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. ഫുട്ബോളിന് പുറമേ, പഞ്ചാരി മേളത്തിലും, പാണ്ടിമേളത്തിലും പാപ്പച്ചന്‍ മെയ്‌വഴക്കം തെളിയിച്ചിട്ടുണ്ട്. വിരമിച്ചശേഷം ഫുട്ബോള്‍ പരിശീലനവുമായി മുന്നോട്ടുപോകാനാണ് സി.വിപാപ്പച്ചന്റെ തീരുമാനം.

Related Articles

Back to top button