InternationalLatest

ഏഷ്യാ കപ്പ് : ശ്രീലങ്കയില്‍ നിന്ന്  മാറ്റാനൊരുങ്ങി

“Manju”

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ശ്രീലങ്കയില്‍ നിന്ന് മാറ്റാനൊരുങ്ങി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. തുടര്‍പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീലങ്കയില്‍ നിന്നും ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി മാറ്റാനൊരുങ്ങുന്നത്. പകരം വേദിയായി ബംഗ്ലാദേശിനെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പരിഗണിച്ചിരിക്കുന്നത്. അടുത്ത മാസം 27ന് ടൂര്‍ണമെന്‍റ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍, ശ്രീലങ്കയില്‍ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം എന്ന് അവസാനിക്കുമെന്ന് യാതൊരു ധാരണയുമില്ല. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് വേദി മാറ്റുന്നതിനെക്കുറിച്ച്‌ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്‍റ് നടത്താന്‍ ഒരുങ്ങിയിരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സൂചനയും നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എടുത്തേക്കും. വിഷയത്തില്‍ തല്‍ക്കാലം കൂടുതല്‍ പ്രതികരണത്തിനില്ലെന്നാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ഇപ്പോഴത്തെ നീക്കങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍‍ഡിന് കനത്ത തിരിച്ചടിയാകും.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി മാറ്റിയാല്‍ കോടികളുടെ നഷ്ടം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടാകും. അടുത്തിടെ ഓസ്ട്രേലിയന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരമ്പര അവസാനിച്ചത്. അതുപോലെ തന്നെ ഏഷ്യാ കപ്പും നടത്താനാകുമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ ഘട്ടത്തിലും പ്രതീക്ഷ പങ്കുവെക്കുന്നത്.

 

Related Articles

Back to top button