IndiaLatest

ഇന്ത്യക്കെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടാവില്ല

“Manju”

ന്യൂഡല്‍ഹി :റഷ്യയില്‍ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിലെ (എന്‍‌ഡി‌എ‌എ) ഭേദഗതിക്ക് അംഗീകാരം നല്‍കിയതോടെയാണ് ഉപരോധങ്ങളില്‍ നിന്നുള്ള ഇളവിന് വഴിയാെരുങ്ങുന്നത്. ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം റോ ഖന്നയുടെ ഭേദഗതിക്ക് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് വ്യാഴാഴ്ച അംഗീകാരം നല്‍കുകയായിരുന്നു. ശബ്ദവോട്ടോടെയാണ് ഭേദഗതി പാസാക്കിയത്.

കൗണ്ടറിംഗ് അമേരിക്കാസ് അഡ്‌വേഴ്‌സറീസ് ത്രൂ സാംഗ്ക്ഷന്‍സ് ആക്‌ട് (കാറ്റ്‌സ,CAATSA ) പ്രകാരം ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക നേരത്തേ നീക്കം നടത്തിയത്. വ്യോമ പ്രതിരോധന സംവിധാനം വാങ്ങിയതിനൊപ്പം റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ യു.എന്‍ വോട്ടെടുപ്പില്‍ നിന്ന് ബുധനാഴ്ച ഇന്ത്യ വിട്ടുനിന്നതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയേക്കും എന്ന ആശങ്ക കനത്തത്. റഷ്യയുമായി ഇടപഴകുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച്‌ പ്രതിരോധ മേഖലയിലെ ആയുധങ്ങള്‍ വാങ്ങുന്നവരെ, ശിക്ഷാ നടപടികളിലൂടെ തടയുന്നതാണ് ‘കാറ്റ്‌സ’. റഷ്യയില്‍ നിന്ന് എസ് -400 സംവിധാനം ഏറ്റെടുത്തതിന് നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്ക് മേല്‍ ഈ നിയമപ്രകാരം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഭേദഗതി അംഗീകരിക്കപ്പെട്ടതോടെ അമേരിക്കയുടെയും ഇന്ത്യയുടെയും പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് റോ ഖന്ന പറയുന്നത്. “ചൈനയില്‍ നിന്നുള്ള ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണം. രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും ഞാന്‍ പ്രവര്‍ത്തിക്കുന്നു’-ഖന്ന പറഞ്ഞു. ഇന്ത്യ അതിന്റെ ദേശീയ പ്രതിരോധത്തിനായി റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഇന്ത്യയുടെ അടിയന്തര പ്രതിരോധ ആവശ്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നതിനൊപ്പം റഷ്യന്‍ നിര്‍മ്മിത ആയുധങ്ങളില്‍ നിന്നും പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും ഇന്ത്യയുടെ പരിവര്‍ത്തനം വേഗത്തിലാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ അമേരിക്ക കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button