Latest

ബി എസ് എൻ എല്ലിനെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സർക്കാർ

“Manju”

ന്യൂഡൽഹി: ബി എസ് എൻ എല്ലിനെ പുനരുജ്ജീവിപ്പിക്കാൻ 1.64 ലക്ഷം കോടി രൂപയുടെ പാക്കേജിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, സാമ്പത്തിക ബാദ്ധ്യതകൾ ലഘൂകരിക്കുക, ബ്രോഡ്ബാൻഡ് സേവനം വ്യാപിപ്പിക്കുക എന്നിവയ്‌ക്കായാണ് തുക ചിലവഴിക്കുക.

നാല് വർഷത്തിനുള്ളിൽ ബി എസ് എൻ എൽ സേവനങ്ങൾ നവീകരിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം. രണ്ട് വർഷത്തിനുള്ളിൽ നവീകരണത്തിന്റെ പ്രധാനപ്പെട്ട ഘട്ടങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്പെക്ട്രം വിതരണം, മൂലധന ചിലവ് എന്നിവയ്‌ക്കായും പാക്കേജിന്റെ ഭാഗമായി ലഭിക്കുന്ന തുക ചിലവഴിക്കും. നിലവിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും 4ജി സേവനം സാർവത്രികമാക്കുന്നതിനും ബി എസ് എൻ എല്ലിനായി 900/1800 മെഗാ ഹേർട്സ് ബാൻഡിൽ സ്പെക്ട്രം അനുവദിക്കും. ഇതിനായി 44,993 കോടി രൂപ ചിലവഴിക്കും. ഇതിലൂടെ വിപണിയിലെ മത്സരം നേരിടാനും, തങ്ങളുടെ വിശാലമായ ശൃംഖല ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഹൈ സ്പീഡ് ഡേറ്റ ലഭ്യമാക്കാനും ബി എസ് എൻ എല്ലിന് സാധിക്കും.

ആത്മനിർഭർ 4ജി സാങ്കേതിക വിദ്യയും ബി എസ് എൻ എല്ലിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ മൂലധന ചിലവിലേക്ക് 22,471 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ട്.

4ജി സേവനം ആരംഭിച്ച് ഒട്ടും വൈകാതെ 5ജി സേവനങ്ങൾ ലഭ്യമാക്കാനും ബി എസ് എൻ എല്ലിന് പദ്ധതിയുണ്ട്. പുനരുജ്ജീവന പാക്കേജ് നടപ്പിലാകുന്നതോടെ, ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Related Articles

Back to top button