IndiaLatest

പാലിന്റെ വില കൂട്ടി അമൂല്‍

“Manju”

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷന്‍ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഇതോടെ നാളെ മുതല്‍ അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപ വില വര്‍ധിക്കും. അര ലിറ്ററിന്റെ പാക്കിന് ഒരു രൂപ വ‍ര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷന്‍ എന്ന സഹകരണ സ്ഥാപനമാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത്. നാല് ശതമാനമാണ് അമൂലിന്റെ മാക്സിമം റീടെയ്ല്‍ വിലയിലുള്ള വര്‍ധന. ഇത് രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റ തോതിലും താഴെയാണ്. തങ്ങളുടെ മെമ്പര്‍ യൂണിയനുകള്‍ക്ക് 8 മുതല്‍ 9 ശതമാനം വരെ പ്രതിഫല വര്‍ധന നല്‍കിയെന്നും ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷന്‍ പറയുന്നു.

ഗുജറാത്ത്, ദില്ലി എന്‍സിആ‍ര്‍, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളിലടക്കം അമൂലിന്റെ ഫ്രഷ് പാല്‍ ലഭിക്കുന്ന ഇടങ്ങളിലെല്ലാം വില വര്‍ധിക്കും. അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും. അമൂല്‍ താസ അര ലിറ്റ‍ര്‍ പാക്കറ്റിന് 25 രൂപയാകും. അമൂല്‍ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വില വര്‍ധിക്കും. പാല്‍ ഉല്‍പ്പാദന, സംസ്കരണ ചെലവ് വര്‍ധിച്ചതോടെയാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് അമൂല്‍ വ്യക്തമാക്കുന്നത്.വൈദ്യുതി, പാക്കിങ്, ചരക്ക് ഗതാഗതം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതായാണ് അമൂല്‍ കമ്പനി പറയുന്നത്. അമൂല്‍ ഗോള്‍ഡിന് ലിറ്ററിന് 62 രൂപയാകും നാളെ മുതലുള്ള പുതിയ നിരക്ക്. അമൂല്‍ താസയ്ക്ക് നാളെ മുതല്‍ ലിറ്ററിന് 50 രൂപയായും വില വര്‍ധിക്കും. അമൂല്‍ ശക്തി വാങ്ങുന്ന ഉപഭോക്താക്കള്‍ നാളെ മുതല്‍ ഒരു ലിറ്റ‍ര്‍ പാക്കറ്റിന് 56 രൂപ നല്‍കേണ്ടി വരും.

Related Articles

Back to top button