KeralaLatest

കുതിരാനിൽ 17 മണിക്കൂർ ഗതാഗതക്കുരുക്ക്, 6 കിലോമീറ്റർ വാഹന നിര

“Manju”

വടക്കഞ്ചേരി• മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ 17 മണിക്കൂർ ഗതാഗതക്കുരുക്ക്. ബുധനാഴ്ച രാത്രി 8 മണിയോടെ കുതിരാൻ ക്ഷേത്രത്തിന് സമീപം ലോറി കേടായി വഴിയിൽ നിന്നതോടെയാണ് കുരുക്ക് ആരംഭിച്ചത്. കൊമ്പഴ മുതൽ ചുവന്നമണ്ണ് വരെ 6 കിലോമീറ്റർ വാഹന നിര നീണ്ടു. ഹൈവേ പൊലീസും പീച്ചി പൊലീസും എത്തി കേടായ ലോറി പാതയോരത്തേക്ക് നീക്കി ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നരയോടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു.

ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്നലെ പുലർച്ചെ കുതിരാനിലെ വനവിജ്ഞാന കേന്ദ്രത്തിനും സമീപമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. കൊച്ചിയിൽ നിന്നു പാലക്കാട്ടേക്ക് വരുകയായിരുന്ന കണ്ടെയ്നർ ലോറി എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തു വന്ന ചരക്കുലോറിയെ കണ്ടു വെട്ടിച്ചപ്പോൾ ആദ്യം ചരക്കുലോറിയുടെ അരികിലും പിന്നീട് മുന്നിൽ പോവുകയായിരുന്ന കണ്ടെയ്നർ ലോറിയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ പോയ കണ്ടെയ്നർ ലോറി അതിന് മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയിലും ഇ‌ടിച്ചു. അപകടത്തിൽ ആദ്യത്തെ കണ്ടെയ്നർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

പരുക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ദേശീയപാതവഴി വന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഇതോടെ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാനാവാതെ ഗതാഗതം സ്തംഭിച്ചു. രാവിലെ കൂടുതൽ ചരക്കുവാഹനങ്ങൾ എത്തിയതോടെ കുരുക്ക് രൂക്ഷമായി. ഇതിനിടെ ഒട്ടേറെ വാഹനങ്ങൾ തുരങ്കത്തിനു മുൻവശത്തുള്ള മേൽപാലത്തിലേക്കു പ്രവേശിച്ചു. ഇതോടെ പാലത്തിലും വാഹനങ്ങളുടെ വരി നീണ്ടു. പൊലീസെത്തി തുരങ്കത്തിനു മുൻവശത്തുള്ള ചെറിയ വഴിയിലൂടെ ചെറു വാഹനങ്ങൾ കടത്തിവിട്ടെങ്കിലും കുരുക്ക് മാറിയില്ല. ഉച്ചവരെ നീണ്ടു ഗതാഗതസ്തംഭനം.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വലിയ വാഹനങ്ങൾ നിയന്ത്രിച്ചിട്ടും മണിക്കൂറുകൾ നീണ്ടു ഗതാഗതതടസ്സം. പന്തലാംപാടത്തും വാണിയമ്പാറയിലും പത്തോ അതിനു മുകളിലോ ടയറുകളുള്ള വലിയ വാഹനങ്ങൾ രാവിലെ എട്ട് മുതൽ നിർത്തിയിട്ടു. എന്നിട്ടും കുരുക്ക് നിയന്ത്രിക്കാനായില്ല. ഇടയ്ക്ക് നിയന്ത്രണം ലംഘിച്ചു വന്ന വലിയവാഹനങ്ങൾ കുരുക്ക് രൂക്ഷമാക്കി. തകർന്ന റോഡും പ്രശ്നമായി. കൊമ്പഴയിലും ചുവന്നമണ്ണിലും റോഡിൽ വൻകുഴികളാണ്. റോഡിന്റെ പല ഭാഗത്തും നിരപ്പുവ്യത്യാസവുമുണ്ട്.

Related Articles

Back to top button