IndiaLatest

ദേശീയ ഗെയിംസിന് കേരളത്തില്‍ നിന്ന് 559 അംഗ സംഘം

“Manju”

ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന 36-ാമത് ദേശീയ ഗെയിംസില്‍ 559 അംഗ ടീം കേരളത്തെ പ്രതിനിധാനം ചെയ്യും. 436 താരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് ടീം. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് ഗെയിംസ് നടക്കുക. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭവ്നഗര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. സൈക്ലിംഗ് മത്സരങ്ങള്‍ മാത്രം ന്യൂഡല്‍ഹിയില്‍ നടക്കും. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗെയിംസ് നടക്കുന്നത്. 2015ല്‍ അവസാന ദേശീയ ഗെയിംസ് കേരളത്തില്‍ ആണ് നടന്നത്.

26 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. അത്ലറ്റിക്സ്, നീന്തല്‍, അമ്പെയ്ത്ത്, ബാഡ്മിന്‍റണ്‍, സൈക്ലിംഗ് (റോഡ്, ട്രാക്ക്), നെറ്റ്ബോള്‍, റഗ്ബി, ഖോ-ഖോ, റോളര്‍ സ്കേറ്റിംഗ്, ഭാരോദ്വഹനം, ഫെന്‍സിംഗ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോള്‍ (5×5, 3×3), ഫുട്ബോള്‍, ബോക്സിംഗ്, സോഫ്റ്റ് ബോള്‍, സോഫ്റ്റ് ടെന്നീസ്, ജൂഡോ, വുഷു, ട്രയാത്തലണ്‍, കനോയിങ്, കയാക്കിങ്, സ്‌ക്വാഷ്, വോളിബോള്‍ മുതലായവയിലാണ് കേരളം ഇറങ്ങുന്നത്. ഒമ്പത് സംഘങ്ങളായാണ് കേരള താരങ്ങള്‍ ഗുജറാത്തിലേക്ക് പോകുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ശ്രീശങ്കര്‍ ഉദ്ഘാടന ചടങ്ങില്‍ കേരളത്തിന്റെ പതാകയേന്തും. ഒളിമ്പ്യന്‍ വി.ദിജുവാണ് ടീമിന്റെ ചുമതലയുള്ള ചെഫ്-ഡി-മിഷന്‍. കെ.എഫ്.എ. സെക്രട്ടറി പി.അനില്‍കുമാര്‍, അത്ലറ്റിക്സ് അസോസിയേഷന്‍ അംഗം ഡോ. സ്റ്റാലിന്‍ റാഫേല്‍, റഗ്ബി അസോസിയേഷന്‍ സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ എന്നിവരാണ് ഡെപ്യൂട്ടി ചെഫ് ഡി മിഷന്‍മാര്‍. കേരള ഒളിമ്പിക് അസോസിയേഷന്റെ കോ-ഓര്‍ഡിനേഷന്‍ ഓഫീസ് സെപ്റ്റംബര്‍ 27 മുതല്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തനം ആരംഭിക്കും.

Related Articles

Back to top button