IndiaLatest

വിമാനച്ചിറക് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ച്‌ അപകടം

“Manju”

തിരുവനന്തപുരം : ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലേറെ യാത്രക്കാര്‍ക്കാണ്‌ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരത്താണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലര്‍. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായത്.

30 വര്‍ഷം ആകാശത്ത് പറന്ന എയര്‍ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. തുടര്‍ന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി വിമാനം ഉപയോഗിച്ചു. പഴക്കം ചെന്നതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ ലേലത്തില്‍ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കി.

പിന്നാലെ ഇത് പൊളിക്കാനായി ഹൈദരാബാദിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ട്രെയിലര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ബ്ലോക്കില്‍ അകപ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് അപകടത്തില്‍പെട്ട ട്രെയിലര്‍ നീക്കിയത്.

 

Related Articles

Back to top button