IndiaLatest

106ലും വോട്ട് ചെയ്യാനെത്തി; ശ്യാം ശരണ്‍ നേഗിയെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

“Manju”

ഷിംല: നവംബര്‍ 2-ന് ഹിമാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്‌ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. പ്രായം നൂറ് കടന്നിട്ടും പതിനെട്ടിന്റെ പ്രസരിപ്പോടെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ഒരു വോട്ടറെ കണ്ടാണ് പോളിംഗ് ബൂത്തിലുണ്ടായിരുന്ന പലരും ഞെട്ടിയത്. 106 വയസ്സുള്ള ശ്യാം ശരണ്‍ നേഗിയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.

ഇത് 34-ാം തവണയാണ് ശ്യാം ശരണ്‍ നേഗി തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്. പ്രായാധിക്യത്തിലും തന്റെ വോട്ടവകാശം വിനിയോഗിക്കാനെത്തിയ നേഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ഇന്ത്യയിലെ പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളാണ് ശ്യാം ശരണ്‍ നേഗിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
കല്‍പ്പയില്‍ തപാല്‍ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തിയ നേഗി, സംസ്ഥാനത്ത് തപാല്‍ ബാലറ്റിലൂടെ വോട്ടവകാശം വിനിയോഗിച്ച 5,093 പേരില്‍ ഒരാളാണ്. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ കാഴ്ച അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും യുവ വോട്ടര്‍മാര്‍ക്ക് ഇത് പ്രചോദനമാകുമെന്നും ശ്യാം ശരണ്‍ നേഗിയെ പ്രശംസിച്ചു കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

1917-ല്‍ ജനിച്ച ശ്യാം ശരണ്‍ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതല്‍ എല്ലാ ലോക്‌സഭാ, വിധാന്‍ സഭ, മുനിസിപ്പല്‍ ഉള്‍പ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ല്‍ ശ്യാം ശരണ്‍ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കി. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഓരോ പൗരനും വോട്ട് ചെയ്യണമെന്നും, യുവ വോട്ടര്‍മാര്‍ തങ്ങളുടെ കടമ നിര്‍വ്വഹിച്ച്‌ രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സംഭാവന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 80 വയസ്സിന് മുകളിലുള്ള 1,22,093 വോട്ടര്‍മാരുണ്ട്, അതില്‍ 1,190 പേര്‍ 100 വയസ്സിന് മുകളിലുള്ളവരാണ്.

Related Articles

Back to top button