IndiaLatest

പതിനൊന്ന് ഇനം നായകള്‍ക്ക് നിരോധനം

“Manju”

ന്യൂഡല്‍ഹി: നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷന് പുതിയ നിര്‍ദേശം നല്‍കി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. പതിനൊന്ന് വിദേശ ഇനത്തിലെ നായകളെ നിരോധിക്കുക, ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുക, ഈ ഇനത്തില്‍ വരുന്ന നായകളെ കസ്റ്റഡിയില്‍ എടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കോര്‍പ്പറേഷന് നല്‍കിയിരിക്കുന്നത്. മൂന്ന് മാസത്തിനകം വളര്‍ത്തുനായകള്‍ക്കായി ഒരു നയം രൂപീകരിക്കാനും ഫോറം ഉത്തരവിട്ടു. നവംബര്‍ 15നാണ് ഉത്തരവ് പുറത്തുവന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിനൊപ്പം ഗുരുഗ്രാമില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഫോറം ഉത്തരവിട്ടു. ഓഗസ്റ്റ് പതിനൊന്നിനായിരുന്നു വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് പരിക്കേറ്റത്. ‘ഡോഗോ അര്‍ജെന്റീനോഎന്ന ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്.

രജിസ്റ്റര്‍ ചെയ്ത വളര്‍ത്തുനായകളുടെ കഴുത്തില്‍ കോളറും മെറ്റല്‍ ചെയിനും ഉണ്ടായിരിക്കണം. ഒരു കുടുംബത്തില്‍ ഒരു നായയെ മാത്രമേ വളര്‍ത്താന്‍ അനുമതിയുള്ളൂ. പൊതുയിടങ്ങളില്‍ നായയെ കൊണ്ടുവരുമ്പോള്‍ വായ നെറ്റ് ക്യാപ് അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ മൂടിയിരിക്കണം. വളര്‍ത്തുനായകള്‍ പൊതുയിടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്ത് മലിനമാക്കാതിരിക്കാന്‍ ഉടമകള്‍ ബാഗ് കയ്യില്‍ കരുതണമെന്നും പതിനാറ് പേജുള്ള ഉത്തരവില്‍ പറയുന്നു.

ഗുരുഗ്രാമില്‍ നിരോധിച്ച നായ ഇനങ്ങള്‍

അമേരിക്കന്‍ ബുള്‍ഡോഗ്, അമേരിക്കന്‍ പിറ്റ്‌ബുള്‍ ടെറിയേഴ്‌സ്, ഡോഗോ അര്‍ജന്റീനോ, റോട്ട്‌വീലര്‍, ബോര്‍ബോള്‍, പ്രെസ കനാറിയോ, നെപ്പോളിറ്റിയന്‍ മസ്റ്റിഫ്, വോള്‍ഫ്‌ഡോഗ്, കാന്‍ കോര്‍സോ, ബാന്‍ഡോഗ്, ഫില ബ്രസീലെറോ എന്നീ വിദേശ ഇനങ്ങളെയാണ് നിരോധിച്ചത്. ഇവയെ അപകടകാരികളായ വിദേശ ബ്രീഡുകള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button