KeralaLatest

കിഴക്കിന്റെ വെന്നിസിലും “എൻെറ കേരളം”

“Manju”

ആലപ്പുഴ : ശാന്തിഗിരി ഗുരുകാന്തി കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്ന “എന്റെ കേരളം” മത്സരയിനങ്ങൾ 04.12.2022 (ഞായറാഴ്ച) ആലപ്പുഴ ഏരിയായിൽ സ്ഥിതിചെയ്യുന്ന തമ്പകച്ചുവട് ആശ്രമം ബ്രാഞ്ചിൽ ഉച്ചയ്ക്ക് 12:00 മണിയുടെ ആരാധനയ്ക്കുശേഷം സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയുടെ മഹനീയസാന്നിദ്ധ്യത്തിൽ സംഘടിപ്പിച്ചു. സ്നേഹദത്തൻ വായിച്ച ഗുരുവാണിയോടെ മത്സരയിനങ്ങൾക്ക് തുടക്കം കുറിച്ചു.

എന്റെ കേരളം മത്സരയിനങ്ങളെപ്പറ്റിയുള്ള ലഘുവിവരണം നൽകിയശേഷം കേരളത്തിന്റെ മഹിമയെപ്പറ്റി പങ്കെടുത്ത കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു. അവതരണം കൊണ്ട് നല്ലരീതി പുലർത്തിയ ആദ്യയിനത്തിൽ  ഗുരു ജനിച്ച ആലപ്പുഴ ജില്ലയും കേരളത്തിലാണെന്ന് കൊച്ചുമിടുക്കിയായ ഗുരുവന്ദിത പറഞ്ഞത് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ കുട്ടികളെക്കൊണ്ടും ഗുരുവാണി പാരായണം ചെയ്യിപ്പിക്കുകയും, ഇതിൽ എസ്സ്.എൽ.പുരം യൂണിറ്റിലെ രഞ്ജിത്തിന്റെ തെറ്റുകൂടാതെയുള്ള ഗുരുവാണി പാരായണം എല്ലാവരേയും അത്ഭുതപ്പെടുത്തി.

തുടർന്ന് നടന്ന കവിതാപാരായണത്തിൽ ദീപ്തി എന്ന കുട്ടി ആലപിച്ച കവിത വ്യത്യസ്തത പുലർത്തി.ശേഷം സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ സിംഹത്തിന്റെ കഥ ഗുരുപ്രഭ രസകരമായി അവതരിപ്പിച്ചു.വരച്ച ചിത്രങ്ങൾക്ക് നിറം ചാർത്തുക എന്ന അവസാനയിനമത്സരം എല്ലാ കുട്ടികൾക്കും ഏറെ അനുഭവവേദ്യമായിരുന്നു.ഇതിൽ ഗുരുപ്രഭയും,ദീപ്തിയും മികവു പുലർത്തി.ദീപ്തി എന്ന മിടുക്കി വളരെ വൈവിധ്യമാർന്ന നിറങ്ങൾ നൽകി ചിത്രങ്ങൾക്ക് മാറ്റുകൂട്ടി.

സ്വന്തം അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് വി.എസ്സ്.എൻ.കെ.പ്രതിനിധികളായ അശോകൻ, ഭദ്രൻ എന്നിവർ നൽകിയ അറിവുകൾ കുട്ടികളിൽ വേറിട്ട സന്തോഷം പകർന്നു നൽകി.
ഉഷ അജിത്ത്, ലൈല, ഉഷാദേവി, ഉഷ എന്നിവർ മാതൃമണ്ഡലത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു. കുട്ടികളുമായി ശാന്തിമഹിമയിൽ നിന്നും ഗുരുപ്രിയനും, ഗുരുമഹിമയിൽ നിന്നും ഗുരുപ്രിയയും, അംബുജവും കുട്ടികളുമായി അനുഭവങ്ങൾ പങ്കിട്ടു.സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയ്ക്കൊപ്പം സമയം  പങ്കിട്ട അനുഭവം കുട്ടികളിൽ സന്തോഷം ഉളവാക്കി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി പ്രോത്സാഹന സമ്മാനങ്ങളും, വ്യക്തിഗത സമ്മാനങ്ങളും നല്‍കി. വൈകുന്നേരം 04:00 മണിക്ക് മത്സരങ്ങള്‍ക്ക് സമാപനമായി.

Related Articles

Back to top button