Uncategorized

സന്തോഷ് ട്രോഫി; കേരള ടീം ഒഡിഷയിലേക്ക്

“Manju”

സന്തോഷ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനായി കേരള ടീം ഒഡിഷയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുപത്തിരണ്ട് അംഗ ടീം കൊച്ചിയില്‍നിന്ന് ഭുവനേശ്വരിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ തവണ ജേതാക്കളായ കേരളത്തെ കാത്തിരിക്കുന്നത് ഗോവയും കര്‍ണാടകയും അടക്കമുള്ള ശക്തരായ ടീമുകളാണ്.

സന്തോഷ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ എല്ലാ ടീമുകളെയും മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് കേരള ടീം ആദ്യ റൗണ്ടില്‍ വിജയികളായത്. ഫെബ്രുവരി 10ന് നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ശക്തരായ ഗോവയോടാണ് ആദ്യ മത്സരം. കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര. ഒഡീഷ, പഞ്ചാബ് തുടങ്ങിയ ശക്തരായ ടീമുകളുമായാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍. ഒത്തിണക്കമുള്ള ശക്തമായ ടീമുമായാണ് ഇത്തവണ ഭുവനേശ്വരിലേക്ക് തിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ മിഥുന്‍ പറഞ്ഞു.

ഇത്തവണ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സൗദി അറേബ്യയില്‍ നടക്കുന്നു എന്നുള്ളതാണ് സന്തോഷ് ട്രോഫിയെ ഏറ്റവും ആകര്‍ഷകമാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലാണ് മത്സരം നടന്നിരുന്നതെങ്കില്‍ ഇത് ആദ്യമായാണ് സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് വച്ച് നടക്കുന്നത്. സൗദി അറേബ്യയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കപ്പ് നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് സന്തോഷ് ട്രോഫി ടീം കേരളത്തില്‍ നിന്നും യാത്രതിരിച്ചത്.

Related Articles

Back to top button