Uncategorized

ഗുരുവിന്റെ ആശയങ്ങൾ വരും തലമുറയ്ക്ക് പകർന്നു നൽകണം – സ്വാമി ചൈതന്യ ജ്ഞാന തപസ്വി

“Manju”

നെയ്യാറ്റിൻകര (തിരുവനന്തപുരം) : ഗുരുവിന്റെ ആശയങ്ങൾ മക്കളിലേക്ക് പകർന്നു നൽകാനും അവരെ ഗുരുവിൻറെ സംസ്കാരത്തിൽ വളർത്താനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു. 1996 ൽ ഗുരു കന്യാകുമാരിയിൽ നിന്നും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്ക് നടത്തിയ തീർത്ഥയാത്രയുടെ ഇരുപത്തിഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാറശ്ശാല പൊറ്റയിൽക്കട സ്നേഹശൃംഖലയിൽ നടന്ന തീര്‍ഥയാത്രാ വാര്‍ഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം ആരെയും അറിയിക്കാതെ കൊണ്ടുവന്ന്, ആരെയും അറിയിക്കാതെ ചെയ്തൊതുക്കി, ആരെയും അറിയിക്കാതെ തിരികെ കൊണ്ടുപോയ ജീവനാണ് ഗുരുവിന്റേത്. 72 വർഷം നീണ്ട ത്യാഗനിർഭരമായ ജീവിതം കൊണ്ട് ഗുരു ഇവിടെ സ്ഥാപിച്ച ഈ വിമോചന മതത്തിൽ ദൈവത്തിന്റെ ഇച്ഛ അനുസരിച്ച് ജീവിച്ച് നമ്മുടെ ജീവന്റെ കുറവുകളെ ഇല്ലാതാക്കുകയും വരുംതലമുറകളെ ഈ മാർഗത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യാൻ എല്ലാവരും ശ്രദ്ധിച്ചു കൊള്ളണമെന്ന് സ്വാമി പറഞ്ഞു.

കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം രാജേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന തീർത്ഥയാത്ര വാർഷിക സമ്മേളനം നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം ചെയ്തു. നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിനു ശക്തി പകര്‍ന്നതായി ഉദ്ഘാടന പ്രസംഗത്തിൽ കെ ആൻസലൻ എംഎൽഎ അനുസ്മരിച്ചു.

കാരോട് ഗ്രാമ പഞ്ചായത്ത് മെമ്പർ അശ്വതി പ്രമോദ്, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കന്യാകുമാരി ഏരിയ കൺവീനർ പി മുത്തുരാജലിംഗം, ശാന്തിഗിരി മാതൃമണ്ഡലം നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി കണ്‍വീനര്‍ ലൈല വി എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ഭാസുര ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമായിരുന്നു. ശാന്തിഗിരി ആശ്രമം, നെയ്യാറ്റിന്‍കര ഏരിയ മാനേജർ കെ ശശീന്ദ്രദേവ് സ്വാഗതവും ശാന്തിഗിരി ശാന്തിമഹിമ നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ഡോ: ശാന്തിസേനൻ ആർ എസ് കൃതജ്ഞതയും അര്‍പ്പിച്ചു.

തീർത്ഥയാത്രാവാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 13ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ നടന്ന ‘കാരുണ്യം’ ആയുർവേദ & സിദ്ധ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പ്രദേശ വാസികള്‍ പങ്കെടുത്തു.

രാവിലെ 6 മണിക്ക് ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ചിൽ നിന്ന് ആരംഭിച്ച തീർത്ഥയാത്ര വൈകുന്നേരം 5 മണിക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

കെ ശശീന്ദ്രദേവ്

അസിസ്റ്റന്റ്‌ മാനേജര്‍ (അഡ്മിനിസ്ട്രേഷൻ)

ശാന്തിഗിരി ആശ്രമം നെയ്യാറ്റിന്‍കര ഏരിയ

Related Articles

Back to top button