Uncategorized

വീട്ടുകാര്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് മോഷണം, വിവരമറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

കേസില്‍ വീട്ടുടമസ്ഥന്റെ സഹോദരന്‍ പിടിയില്‍.

“Manju”

 

ഇടുക്കി: വീട്ടുകാര്‍ തീര്‍ഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് കുരുമുളകു മോഷ്ടിച്ച കേസില്‍ വീട്ടുടമസ്ഥന്‍റെ സഹോദരന്‍ പിടിയില്‍. തീര്‍ഥാടത്തിനിടെ മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടുടമസ്ഥൻ രാജമുടി മണലേല്‍ വിശ്വനാഥന്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വിശ്വനാഥന്‍റെ ഇളയ സഹോദരൻ രാജമുടി പതിനേഴു കമ്പനി മണലേല്‍ അനില്‍ കുമാര്‍ (57) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കളായ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്കു ക്ഷേത്ര ദര്‍ശനത്തിനു പോയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവെ തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചിന്നാറിലെത്തിയപ്പോള്‍ രാത്രി വീട്ടില്‍ മോഷണം നടന്ന വിവരം ബന്ധുക്കള്‍ വിശ്വനാഥനെ വിളിച്ചറിയിച്ചു.
ഇതു കേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇതു മൂലം പോലീസില്‍ പരാതി കൊടുക്കാനും താമസം നേരിട്ടു.
വീടിന്‍റെ പുറകുവശത്തെ കതക് കുത്തിത്തുറന്ന പ്രതി അനില്‍ രണ്ടു പ്ലാസ്റ്റിക്കു ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളകു മോഷ്ടിച്ചത്. വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയിലും മേശയിലും പരിശോധന നടത്തി വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മോഷണം നടത്തിയ കുരുമുളക് ഇയാള്‍ തോപ്രാംകുടിയിലെ ഒരു കടയില്‍ വിറ്റിരുന്നു. മോഷണ മുതല്‍ പോലീസ് കണ്ടെടുത്തു.
വീട്ടുകാരേക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും മോഷ്ടാവ് എന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം. മുരിക്കാശേരി എസ്.ഐ.റോയി എന്‍.എസ്, എസ്.ഐ സാബു തോമസ്, എസ്.സി.പി.ഒമാരായ അഷറഫ് കാസിം, അഷറഫ് ഇ.കെ.സി.പി.ഒ ജയേഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related Articles

Check Also
Close
Back to top button