Uncategorized

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മധ്യപ്രദേശില്‍ മര്‍ദ്ദനം

“Manju”

ചെന്നൈ: മധ്യപ്രദേശില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അപലപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന വിവേചനത്തിന്റെ സൂചനയാണ് ഈ സംഭവം. വിദ്യാര്‍ത്ഥികളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അവരെ മര്‍ദ്ദിക്കുന്നത് അപലപനീയമാണ്. ഇതേക്കുറിച്ച്‌ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുപുര്‍ ജില്ലയിലെ അമര്‍കണ്ടകിലുള്ള സര്‍വകലാശാലാ ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ക്യാമ്പസിനോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ചിത്രമെടുത്തു എന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ഇവിടെ എല്ലാ വിദ്യാര്‍ത്ഥികളും കയറി ചിത്രമെടുക്കാറുണ്ടെന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നഷീല്‍, അഭിഷേക് ആര്‍, അദ്നാന്‍, ആദില്‍ റാഷിഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കേരളവാല, സൗത്ത് ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മലയാളി വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച്‌ മര്‍ദ്ദിക്കുന്ന സ്വഭാവം സെക്യൂരിറ്റി ജീവനക്കാര്‍ക്കുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ ക്യാമ്പസ് അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Related Articles

Back to top button