Uncategorized

ഉറക്കമുണര്‍‍ന്നാല്‍ ഉടന്‍ നോക്കുന്നത് ഫോണിലേക്കാണോ?

“Manju”

പണ്ടൊക്കെ കോഴികൂവുന്നത് കേട്ടാണ് ഉണര്‍ന്നിരുന്നത്. കോഴിയുടെകൂവല്‍ കേള്‍ക്കുമ്പോള്‍ വെളുപ്പാന്‍കാലമായി എന്ന് പറയും. ചിലപ്പോള്‍ നട്ടപാതിരായ്ക്ക് കോഴി കൂവി നമ്മെ ഞെട്ടിക്കാറുമുണ്ടായിരുന്നു. പിന്നീട് ആ സ്ഥാനം അലാറം അല്ലെങ്കില്‍ ടൈംപീസ് കരസ്ഥമാക്കി. രാവിലെ ഓഫീസില്‍ പോകുന്നവരേയും, അതിരാവിലെ കോളേജിലും മത്സരപരീക്ഷയ്ക്കും ഒക്കെ പോയിരുന്നവര്‍ ടൈം സെറ്റ് ചെയ്ത് അലാറം നോക്കിയുണര്‍ന്നിരുന്നു. പിന്നത്തെ ആശ്രയം റേഡിയോ ആയിരുന്നു. റേഡിയോ ഒന്നൊന്നര തലമുറയെ ഉണര്‍ത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. സുഭാഷിതവും, ഭക്തിഗാനവും വാര്‍ത്തകളും ഒക്കെയായി ഉഷാറായിരുന്ന കാലം. ഇപ്പോ പക്ഷെ സൈലന്റ് യുഗമാണ്. രാവിലെ നമ്മെ വിളിച്ചുണര്‍ത്തുന്നതുമുതല്‍ എല്ലാം മൊബൈലിലാണ്. മൊബൈലില്‍ ഉണര്‍ന്ന് ജീവിക്കുന്നതിന്റെ പ്രശ്നങ്ങളുമായി ഒരു ചെറു കണ്ണോട്ടം.

ലാറം ഓഫ് ആക്കാനും മെസേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കാനുമൊക്കെയായി കണ്ണ് തുറന്നാലുടന്‍ പലരും ആദ്യം കൈയിലെടുക്കുന്നത് മൊബൈല്‍ ഫോണാണ്. പിന്നെ വാട്സാപ്പിലെ ഗുഡ് മോണിംഗ് നോക്കലും ഗുഡ് മോണിംഗ് അയക്കലും. അതുകഴിഞ്ഞ് പിന്നെ ഫേസ് ബുക്കും ഇമെയിലും നോക്കിയും ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്തുമൊക്കെ കുറച്ചുസമയമിരിക്കും. ഈ ശീലം നല്ലതല്ലെന്ന് അറിയാമെങ്കിലും ഇതിപ്പോള്‍ പലരുടെയും പതിവായി മാറിക്കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനം ആളുകളും ഉറക്കമുണര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ നോക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

ഉറക്കമുണര്‍ന്ന ഉടന്‍ ഫോണില്‍ സമയം ചിലവിടുമ്പോള്‍ ഇത് നിങ്ങളുടെ സമയവും ശ്രദ്ധയും കവര്‍ന്നെടുക്കുമെന്ന് മാത്രമല്ല ഉത്പാദനക്ഷമതയും കുറയ്ക്കും. സുപ്രധാനമായ തീറ്റ ബ്രെയിന്‍ തരംഗങ്ങളെ ഒഴിവാക്കി മസ്തിഷ്‌കത്തിന്റെ ശാരീരിക ഘടനയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ബീറ്റാ ബ്രെയിന്‍ വേവിലേക്ക് നേരിട്ട് പോകും.

ജീവിതത്തില്‍ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഫോണ്‍ മാറ്റിവച്ച്‌ നല്ല ശീലങ്ങള്‍ പിന്തുടരാന്‍ പരിശ്രമിക്കണം. രാവിലെ ഒരു ചെറിയ നടത്തത്തിനിറങ്ങുകയോ 10 മിനിറ്റ് യോഗ ചെയ്യുകയോ ചെയ്യാം. ബെഡ്ഡ് വിരിച്ചിടാനും മുറി വൃത്തിയാക്കാനും എന്തെങ്കിലും എഴുതാനുമൊക്കെ ഈ സമയം വിനിയോഗിക്കാവുന്നതാണ്.

നമ്മുടെ ശീലങ്ങള്‍ പലതും നമ്മുക്ക് സൗകര്യങ്ങള്‍ തരുന്നതിനോടൊപ്പം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമതയേയും ബാധിക്കുന്നു. പ്രഭാതസൂര്യന്റെ കിരണമേറ്റ് രാവിലത്തെ അന്തരീക്ഷം ആസ്വദിച്ചുള്ള നമ്മുടെ പ്രഭാത നടത്തവും പത്രവായനയും രാവിലെ ചായക്കടയില്‍ പോയി കാലിച്ചായ അടിക്കുന്നതുമൊക്കെ തിരിച്ചുവന്നാല്‍ രോഗത്തെ അകറ്റുന്നതോടൊപ്പം ബന്ധങ്ങളും ഊഷ്മളമാകും.

Related Articles

Back to top button