ഇടുക്കി: ഇത്തവണ ക്രിസ്മസ്, ന്യു ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചു തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കു സന്ദര്‍ശക പ്രവാഹം. ക്രിസ്മസ് ദിനത്തില്‍ 3200 പേരും ഞായറാഴ്ച 4068 പേരും ഇന്നലെ 2131 പേരും എത്തിയെന്നു ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. മണിക്കൂറുകളോളം കാത്തു നിന്നാണ് സഞ്ചാരികള്‍ പാസ് ലഭ്യമാക്കിയത് .
എന്നാല്‍ ഇടുക്കി തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കാന്‍ പലര്‍ക്കും ഇത്തവണ സാധിച്ചില്ല. വെള്ളാപ്പാറയില്‍ ഒരേ സമയം 20 പേര്‍ക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമായിരുന്നു വനം വകുപ്പ് ഒരുക്കിയിരുന്നത്. ഇതോടെ ദീര്‍ഘനേരം കാത്തിരുന്ന പലരും തന്നെ നിരാശരായി മടങ്ങി. ഫെബ്രുവരി 28 വരെയാണ് അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ ഇത്തവണ അനുമതി ഉള്ളത് .