KeralaLatest

കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 6ന് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രം ഒരുക്കുന്നു -ലക്ഷ്യം യു.ആർ.എഫ്. വേൾഡ് റെക്കോർഡ്

“Manju”

കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ മൺചിത്രം ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പേരിൽ ഏപ്രിൽ 6ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ കോഴിക്കോട് ബീച്ചിൽ ഒരുക്കുന്നു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക് ബോർഡിൻ്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മണ്ണിൻ വർണ്ണ വസന്തം തീര്‍ക്കുന്നത്.

‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ വിഭാഗത്തിലുളള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യു.ആർ.എഫ്) ലോകറെക്കോർഡ് ലക്ഷ്യമിട്ടുളള മണ്‍ചിത്രനിര്‍മ്മിതി വൈകീട്ട് മൂന്നു മണിക്ക് തുടങ്ങും.

യു ആർ എഫ് ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ നിരീക്ഷകനാകും.

മൺചിത്രമൊരുക്കാനുള്ള വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിൽ നിന്നാ‍ണ് സമാഹരിച്ചിട്ടുളളത്. കേരളത്തിലെ പ്രശസ്തരായ എഴുപതോളം ചിത്രകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കും. മൂന്ന് മണിക്കൂര്‍ കൊണ്ട് ചിത്രം വര പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വിശ്വജ്ഞാനമന്ദിരം സമർപ്പണദിനത്തില്‍ കക്കോടി ആനാവ്കുന്നിലെ ആശ്രമവീഥിയിലും ചിത്രം പ്രദർശിപ്പിക്കും.

വാർത്താസമ്മേളനത്തിൽ സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി , മണ്ണിൻ വർണ്ണ വസന്തം കോര്‍ഡിനേറ്റർ ഷാജി. കെ.എം, ചിത്രകാരന്മാരായ പി.സതീഷ് കുമാർ, രാംദാസ് കക്കട്ടിൽ, കൃഷ്ണൻ പാതിരിശ്ശേരി,
സുരേഷ് ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button