Thrissur

ജില്ലയിലെ 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആറിന്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിലെ 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബർ ആറിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഈ സർക്കാർ ആവിഷ്‌ക്കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.

ജില്ലയിൽ കടങ്ങോട്, പാഞ്ഞാൾ, പൂമല, അടാട്ട്, മടക്കത്തറ, നടത്തറ, നാട്ടിക, വേലൂക്കര, അയ്യന്തോൾ, തൃക്കൂർ, വല്ലച്ചിറ, വരന്തരപ്പിള്ളി, എളവള്ളി, മേലൂർ, നാലുകെട്ട്, വെറ്റിലപ്പാറ, എടവിലങ്, ചാമക്കാല, വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ, തൃക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചീഫ് വിപ്പ് അഡ്വ കെ രാജൻ തുടങ്ങിയവർ പങ്കെടുക്കും. എം എൽ എ മാരായ ഗീത ഗോപി, മുരളി പെരുനെല്ലി, ബി ഡി ദേവസ്സി, ടൈസൺ മാസ്റ്റർ, യു ആർ പ്രദീപ്, അനിൽ അക്കര, വിവിധയിടങ്ങളിലെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ വകുപ്പ് അധികൃതർ വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരാവും.

പ്രാദേശിയ തലത്തിൽ മികച്ച സൗകര്യങ്ങളോടു കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകീട്ട് ആറ് വരെയാക്കും. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കും. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകൾ, സ്വകാര്യതയുള്ള പരിശോധന മുറികൾ, മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ, ഡോക്ടർമാരെ കാണുന്നതിന് മുമ്പ് നഴ്സുമാർ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാർദ്ദവുമായ അന്തരീഷം എന്നിവയാണ് ആർദ്രം മിഷൻ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീൽഡ് തലത്തിൽ സമ്പൂർണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകൾ എന്നിവ പ്രാഥമിക ഘട്ടത്തിൽ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാവും.

Related Articles

Back to top button