IndiaLatest

ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് രജനീകാന്ത്

“Manju”

ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹര്‍ലാല്‍ നെഹ്റു ഏറ്റുവാങ്ങിയ സ്വര്‍ണച്ചെങ്കോല്‍ പുതിയ പാ‌ര്‍ലമെന്റില്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. തമിഴ് ജനതയുടെ കരുത്തിന്റെ പ്രതീകമാണ് ചെങ്കോല്‍ എന്നാണ് രജനീകാന്ത് ട്വീറ്റ് ചെയ്തത്.

തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തിളങ്ങും. തമിഴര്‍ക്ക് അഭിമാനം സമ്മാനിച്ച ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മാര്‍ത്ഥമായി നന്ദി പറയുന്നു‘- രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ നടന്ന പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തോടുചേര്‍ന്ന് ചെങ്കോല്‍ സ്ഥാപിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘം ഇന്നലെ പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറിയിരുന്നു.

നെഹ്റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ രാജാജിയുടെ താത്പര്യപ്രകാരം തമിഴ്നാട്ടിലാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്.

അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ നെഹ്റുവിനോട് ചോദിച്ചതാണ് ചെങ്കോലിന്റെ പിറവിയിലേയ്ക്ക് നയിച്ചത്. രാജഗോപാലാചാരിയോടാണ് നെഹ്റു ഉപദേശം തേടിയത്. തമിഴ്നാട്ടില്‍ ചോള രാജാക്കന്മാര്‍ രാജപുരോഹിതനില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രീതി സ്വീകരിക്കാമെന്ന് രാജാജി പറഞ്ഞു.

അദ്ദേഹം തമിഴ്നാട്ടിലെ തിരുവുടുതുറൈ മഠാധിപതിയെ ചുമതല ഏല്പിച്ചു. അന്നത്തെ മദ്രാസില്‍ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് മഠാധിപതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ചെങ്കോല്‍ നിര്‍മ്മിച്ചത്. വെള്ളിയില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണം പൂശിയ ചെങ്കോലിന്റെ അഗ്രത്തില്‍ പരമശിവന്റെ വാഹനമായ നന്ദിയുണ്ട്.

Related Articles

Back to top button