KeralaLatest

ലോക്ഡൗണിനു ശേഷം വിമാനയാത്ര നിരക്ക് കൊക്കിലൊതുങ്ങുമോ;

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി : ലോക്ഡൗണിനു ശേഷം ആഭ്യന്തര വിമാനയാത്രകൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പക്ഷേ, ടിക്കറ്റ് നിരക്ക് സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഡൽഹി– മുംബൈ വിമാന ടിക്കറ്റിന്റെ നിരക്ക് 10,000 രൂപ വരെ എത്തുമെന്നാണു വിലയിരുത്തൽ. സെന്റർ ഫോർ ഏഷ്യ പസഫിക് ഇന്ത്യയുടെ (സിഎപിഎ ഇന്ത്യ) പഠനത്തിലാണ് ഈ നിഗമനം. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ ടി–3 ടെർമിനലിൽ നിന്നു വിമാനയാത്ര ആരംഭിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാകുകയാണ്.

മൂന്നാം ഘട്ട ലോക്ഡൗണിനു പിന്നാലെ വിമാനയാത്രയ്ക്കു അനുമതി നൽകുമെന്നാണു വിലയിരുത്തൽ. സാനിറ്റേഷൻ ചട്ടങ്ങളും മറ്റും ഏർപ്പെടുത്തിയ ശേഷമാകും വിമാനത്താവളങ്ങളും സർവീസുകളും പ്രവർത്തനം ആരംഭിക്കുക. അകലം പാലിക്കേണ്ടതിനാൽ 3 സീറ്റുകളുള്ള ഒരു നിരയിൽ നടുവിലെ സീറ്റ് ഒഴിച്ചിടേണ്ടി വരുമെന്നാണു സൂചന. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ നൽകിയ ശുപാർശയിലും ഇതുൾപ്പെടുന്നുണ്ട്. വിമാനത്തിന്റെ ഏറ്റവും ഒടുവിലെ 3 നിര ഒഴിച്ചിടണമെന്നും നിർദേശമുണ്ട്.

യാത്രാമധ്യേ ആരെയെങ്കിലും ക്വാറന്റീൻ ചെയ്യേണ്ടി വന്നാലാണ് ഈ മുൻകരുതൽ. ഈ നിർദേശം പാലിക്കപ്പെട്ടാൽ 180 സീറ്റുള്ള വിമാനത്തിൽ 108 സീറ്റു മാത്രമാകും യാത്രയ്ക്ക് അനുവദിക്കാൻ സാധിക്കുക. എന്നാൽ ഈ നിർദേശങ്ങൾ നടപ്പാക്കിയാൽ കടുത്ത നഷ്ടം വിമാനക്കമ്പനികൾ നേരിടേണ്ടി വരും. അതിനു പരിഹാരം കാണാൻ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടി വരുമെന്നാണു വിലയിരുത്തൽ.

പ്രധാന ആഭ്യന്തര റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയാകുമെന്നാണു സിഎപിഎയുടെ പഠനം. നിലവിൽ 5000 രൂപ ശരാശരിയുള്ള ഡൽഹി–മുംബൈ റൂട്ടിൽ 9700 രൂപ വരെ ടിക്കറ്റ് നിരക്കുയരാമെന്നും ഡൽഹി– ബെംഗളൂരു റൂട്ടിൽ 5700ൽ നിന്നു 11,200 രൂപ വരെ നിരക്ക് ഉയരാമെന്നുമാണു പഠനം.

Related Articles

Back to top button