KeralaLatest

സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

“Manju”

മഞ്ചേരി ; ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. ഏഴാം കിരീടമുറപ്പിക്കാനാണ് കേരളം ജിജോ ജോസഫിന്റെ നേതൃത്വത്തില്‍ മൈതാനത്തിറങ്ങുക. ബംഗാളിനിത് 33ാം കിരീടത്തിനായുള്ള പോരാട്ടമാണ്. കേരളവും ബംഗാളും തമ്മിലുള്ള നാലാം ഫൈനലാണിത്. 1989,1994 വര്‍ഷങ്ങളില്‍ ബംഗാള്‍ കേരളത്തെ തോല്‍പ്പിച്ച്‌ ജേതാക്കളായി. 2018ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് ആദ്യമായി കേരളം ബംഗാളിനെതിരെ കിരീടം നേടിയത്.

സ്വന്തം മണ്ണില്‍ കപ്പുയര്‍ത്താന്‍ ഇതിനേക്കാള്‍ നല്ല അവസരം കിട്ടാനില്ല. പക്ഷേ, പ്രതീക്ഷകളുടെ ആകാശത്ത് വിള്ളല്‍ വീഴ്ത്തുന്നത് പ്രതിരോധത്തിലെ പാളിച്ചകളാണ്. ഗോളടിക്കുന്ന വേഗത്തില്‍ തിരിച്ചുവാങ്ങുന്ന അപകടം. കഴിഞ്ഞ കളികളിലെ വീഴ്ചകള്‍ മറികടക്കുമെന്ന കോച്ച്‌ ബിനോ ജോര്‍ജിന്റെ വാഗ്ദാനം നടപ്പായാല്‍ ജിജോ ജോസഫിനും ടീമിനും കപ്പുയര്‍ത്താം. കേരളത്തില്‍ നടന്ന ആറ് ഫൈനലില്‍ രണ്ടെണ്ണത്തില്‍മാത്രമാണ് വിജയം. പയ്യനാട് അത് തിരുത്തുമെന്ന് ഉറപ്പിക്കാന്‍ കേരളം വിയര്‍പ്പൊഴുക്കണം. ടി കെ ജെസിന്‍, അര്‍ജുന്‍ ജയരാജ്, ഗോളി മിഥുന്‍ എന്നിവരുടെ പരിക്കും കേരളത്തെ വേട്ടയാടുന്നുണ്ട്.

ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് ജയവും ഒരു സമനിലയുമായി സെമിയിലെത്തിയ കേരളം അവിടെ കര്‍ണാടകയെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഗ്രൂപ്പ് റൗണ്ടില്‍ കേരളം ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ബിയില്‍ ഒരു തോല്‍വിയും മൂന്ന് ജയവുമായി രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ബംഗാള്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി ഫൈനലുറപ്പിച്ചു.

Related Articles

Back to top button