IndiaLatest

ചന്ദ്രയാന്‍-3 ;ശാസ്ത്രജ്ഞരുമായി നേരിട്ട് കാണാൻ പ്രധാനമന്ത്രി നാളെ എത്തും

“Manju”

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രസമൂഹത്തെ നേരിട്ട് കാണാൻ പ്രധാനമന്ത്രി എത്തുന്നു. നാളെ ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലെത്തിയാകും പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുക. 40 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പേടകം സുരക്ഷിതമായി ചന്ദ്രനിലിറങ്ങിയതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് ഭാരതം. ഇതിനിടെ വിക്രം ലാൻഡര്‍ പകര്‍ത്തിയ പുതിയ വീഡിയോയും ഇസ്രോ പുറത്തുവിട്ടു. ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുൻപ് ലാൻഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ഉപരിതലത്തിലെ അഗാധമായ ഗര്‍ത്തങ്ങളും മറ്റും ദൃശ്യമാക്കുന്ന രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.

ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ രാജ്യവുമായി മാറിയ രാജ്യത്തിന് ലോകം ഒന്നടങ്കമാണ് അഭിനന്ദനമറിയിക്കുന്നത്. ബഹിരാകാശ രംഗത്ത് കുതിച്ചുയരുന്ന രാജ്യം മറ്റ് ലോകരാഷ്‌ട്രങ്ങള്‍ക്കും മാതൃകയാണ്. രണ്ടാം ചാന്ദ്രദൗത്യം അവസാന നിമിഷത്തില്‍ പരാജയപ്പെട്ടതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയ ദൗത്യമാണ് ചന്ദ്രയാൻ-3. നിര്‍ണായകമായ അവസാനഘട്ടത്തില്‍ സംഭവിച്ച പിഴവിനെ ഹാസ്യവത്കരിച്ച്‌ വിദേശമാദ്ധ്യമങ്ങളും പാക് മാദ്ധ്യമങ്ങളും എഴുതിയത് കഴിഞ്ഞ ദിവസം തിരുത്തി എഴുതി. അതും ഇന്ത്യയുടെ വിജയമാണ്. ചന്ദ്രനിലും സാന്നിധ്യമായി ഭാരതം മാറി.

Related Articles

Back to top button